
മാനേജറെ മർദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ മർദനം നടന്നതായി തെളിവില്ലെന്നാണ് കണ്ടെത്തൽ. ഇൻഫോപാർക്ക് പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിൽ ഉണ്ണിമുകുന്ദനെ ഇൻഫോപാർക്ക് പോലീസ് ചോദ്യം ചെയ്തിരുന്നു. നടന്റെ ഫ്ലാറ്റിലെത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. താൻ മാനേജരെ മർദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ ചോദ്യം ചെയ്യലിൽ ആവർത്തിച്ച് പറയുകയും ചെയ്തു.
കഴിഞ്ഞ മാസം 26നായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്നാരോപിച്ച് വിപിന്‍ കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജറായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപിച്ചത് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഫ്ലാറ്റിൽ വച്ച് മർദിച്ചു പരാതി. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് ഇയാൾ പൊലിസിനെ സമീപിച്ചത്. കൂടാതെ അമ്മയ്ക്കും ഫെഫ്ക്കെയും വിപിൻ കുമാർ പരാതി നൽകിയിരുന്നു. പിന്നീട് സിനിമ സംഘടനകൾ പ്രശനം ഒത്തുതീർപ്പിലെത്തിക്കുകയും ചെയ്തിരുന്നു.
താൻ വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ കണ്ണട നിലത്തെറിയുക മാത്രമാണ് ചെയ്തതെന്നും പരാതി വന്ന സമയത്ത് തന്നെ ഉണ്ണി വ്യക്തമാക്കിയിരുന്നു. കാക്കനാട്ടെ ഫ്ളാറ്റിൽ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉണ്ണി മുകുന്ദൻ വന്നു. തുടർന്ന്, ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നായിരുന്നു പരാതി. താടിയിലാണ് ആദ്യം മർദിച്ചത്. കൈകൾ ചേർത്തുപിടിച്ച് മർദിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടി. പക്ഷേ ഉണ്ണി മുകുന്ദൻ പുറകെ ഓടിയെത്തി മർദിക്കാൻ ശ്രമിച്ചു. അതുവഴിവന്ന ഫ്ളാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കൺമുന്നിൽ വന്നാൽ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിപിൻ പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നേരത്തെ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്.