“തെളിവുകളുണ്ട്”; പ്രതിഫലം നൽകിയില്ലെന്ന ജോജു ജോർജിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി ലിജോ ജോസ് പെല്ലിശ്ശേരി

','

' ); } ?>

ചുരുളിയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന ജോജു ജോർജിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ജോജുവിന് നൽകിയ ശമ്പളത്തിന്റെ വിവരങ്ങളടങ്ങുന്ന രേഖകൾ അടക്കം പോസ്റ്റ് ചെയ്ത കൊണ്ടാണ് ലിജോ ജോസ് പ്രതികരിച്ചിരിക്കുന്നത്. “സിനിമ ചിത്രീകരണ വേളയിൽ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലന്നും ഒരവസരമുണ്ടായാൽ ഉറപ്പായും ചുരുളി തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും” ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. തന്റെ ഫേസ്‌ബുബുക് പേജിലൂടെയായിരുന്നു ലിജോയുടെ പ്രതികരണം.

ചുരുളി സിനിമയുടെ തെറി പറയുന്ന വേർഷന്‍ റിലീസ് ചെയ്യുമ്പോള്‍ അറിയിച്ചില്ലെന്നും തെറി പറയുന്ന വേര്‍ഷന്‍ അവാര്‍ഡിനേ അയക്കുകയുള്ളു എന്നായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും ജോജു ജോർജ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സിനിമയില്‍ അഭിനയിച്ചതിന് കാശൊന്നും ലഭിച്ചില്ലെന്നും സിനിമയില്‍ തെറി ഇല്ലാത്ത വേർഷനും ഉണ്ടായിരുന്നെന്നും ജോജു ആരോപിച്ചിരുന്നു.

“സുഹൃത്തുക്കളായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈ കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ എന്ന കഥാപാത്രം. ഒരവസരമുണ്ടായാൽ ഉറപ്പായും സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യും”. ലിജോ ജോസ് കുറിച്ചു. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന്‌ കൊടുത്ത ശമ്പള വിവരം ചുവടെ ചേർക്കുന്നു എന്ന അടികുറിപ്പോടെ ശമ്പള വിവരങ്ങളും പോസ്‌റ്റിനൊപ്പം ലിജോ ജോസ് പങ്കു വെച്ചിട്ടുണ്ട്.