
സംഘടനാ തിരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസിന്റെ നാമനിര്‍ദേശപത്രിക അസാധുവാക്കാന്‍ ചരടുവലിച്ചത് നിര്‍മാതാവ് അനില്‍ തോമസാണെന്ന് തുറന്നു പറഞ്ഞ് സജി നന്ത്യാട്ട്. ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ. സാന്ദ്രാ തോമസിന്റെ നിര്‍മാണത്തില്‍ സിനിമ സംവിധാനംചെയ്യാന്‍ അനില്‍ തോമസ് സമീപിച്ചിരുന്നുവെന്നും, കഥകേട്ടശേഷം സിനിമ ചെയ്യാന്‍ താത്പര്യമില്ലെന്ന് സാന്ദ്ര പറഞ്ഞതോടെയാണ് അനില്‍ തോമസ് അവരെ പുറത്താക്കാന്‍ ചരടുവലിച്ചതെന്നും സജി നന്ത്യാട്ട് ആരോപിച്ചു.
‘എന്റെ കൈയില്‍ പല ബോംബുകളും ഇരിപ്പുണ്ട്. എന്റെ സംഘടനയെ അധികം മോശമാക്കാതിരിക്കാനാണ് അത് പുറത്തുവിടാത്തത്. സാന്ദ്രാ തോമസിന്റെ കൈയില്‍ പല കാര്യങ്ങളുമുണ്ട്. അങ്ങനെ ഒന്നും ചെയ്യരുത് എന്ന് ഞാന്‍ പറഞ്ഞു. ആവേശത്തില്‍ എടുത്ത് ചാടാം. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാനുള്ള തന്റേടം ഞാന്‍ കാണിക്കും. അതുകൊണ്ടുതന്നെ നല്ല വിരോധികളുണ്ട്. സാന്ദ്രാ തോമസിനെ പുറത്താക്കാന്‍ ചരടുവലിച്ചത് അനില്‍ തോമസ് ആണ്. ഒളിച്ചിരിക്കുന്ന വ്യക്തി ഇയാളാണ്. മുഴുവന്‍ പ്രശ്‌നങ്ങളും ഉണ്ടാക്കിയത് ഇയാളാണ്. സാന്ദ്രാ തോമസിന്റെ നിര്‍മാണത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ അനില്‍ തോമസ് നടന്നിരുന്നു. കഥ കൊള്ളില്ല, ചെയ്യാന്‍ താത്പര്യമില്ലെന്ന് സാന്ദ്രാ തോമസ് പറഞ്ഞിടത്തുനിന്ന് അവരെ തീര്‍ക്കാന്‍ ശ്രമം തുടങ്ങി. അനില്‍ തോമസാണ് സാന്ദ്രാ തോമസിനെ പുറത്താക്കാന്‍ ബ്രെയിന്‍വാഷ് ചെയ്തത്’, സജി നന്ത്യാട്ട് പറഞ്ഞു.
ഞാന്‍ ആനി പറഞ്ഞിരുന്നു എല്ലാ പാമ്പും ചേരയല്ല. സാന്ദ്രാ തോമസിനെ പുറത്താക്കുമ്പോള്‍ അവര്‍ അവരുടെ വഴിക്ക് നീങ്ങും, വലിയ പ്രശ്‌നങ്ങളായി മാറും. വലിയ വിഴുപ്പലക്കലായി മാറും. സാന്ദ്രാ തോമസ് കേസുമായി പോയി വലിയ പ്രശ്‌നമായി. അതില്‍ ഏറ്റവും നിരപരാധിയായ ആളാണ് ആന്റോ ജോസഫ്. അദ്ദേഹം പോലും പൊതുസമൂഹത്തിന് മുന്നില്‍ ചോദ്യചിഹ്നമായി, മോശമായ പ്രതിച്ഛായിലേക്ക് കൊണ്ടെത്തിച്ചതിനുപിന്നില്‍ ഈ വ്യക്തിയാണ്. വിതരണക്കാരുടെ അംഗത്വത്തില്‍നിന്ന് എന്നെ മാറ്റിനിര്‍ത്തിയതിന് പിന്നിലും അനില്‍ തോമസാണ് വലിയ പങ്കുവഹിച്ചത്’. ചേംബറിന്റെ കെട്ടിടത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടി ഒന്നേകാല്‍ കോടി രൂപ ചെലവായി. അതില്‍ അന്വേഷണം നടത്തണമെന്ന് ഞാന്‍ പല പ്രാവശ്യം പറഞ്ഞു. അതാണ് എന്നോട് വിരോധമുണ്ടാവാന്‍ കാരണം’, സജി നന്ത്യാട്ട് വ്യക്തമാക്കി.