
താരസംഘടനയായ അമ്മയുടെ എലെക്ഷനുമായി ബന്ധപ്പെട്ട് വലിയ കളികൾ നടക്കുന്നുണ്ടെന്നും, പലരും പലരുടെയും ബിനാമിയായിട്ടാണ് നിൽക്കുന്നതെന്നും തുറന്നു പറഞ്ഞ് നടൻ രവീന്ദ്രൻ. ഇന്നലെ മത്സര രംഗത്തേക്കുള്ളവരുടെ പൂർണ വിവരങ്ങൾ പുറത്തു വിട്ടതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. മനോരമ ഓണ്‍ലൈനിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അമ്മ’യുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആറുപേർ നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു ശേഷം വന്ന ഇലക്‌ഷൻ ആണല്ലോ. ഇപ്പോൾ ഇരിക്കുന്ന കമ്മറ്റിയോട് തൃപ്തി ഇല്ലാത്തതുകൊണ്ടാണല്ലോ മോഹൻലാൽ മാറിയത്. ജനറൽ സെക്രട്ടറി സ്ഥാനത്തു മാത്രം മൂന്നുപേർ മാത്രമേ പത്രിക നൽകിയിട്ടുള്ളൂ, ബാക്കി എല്ലാ സ്ഥാനത്തേക്കും ഏഴെട്ടുപേർ വച്ച് ഉണ്ട്. എന്തോ വലിയ കളികൾ ഇതിനു പിന്നിൽ നടക്കുന്നുണ്ട്. പലരും പലരുടെയും ബിനാമിയായിട്ടാണ് നിൽക്കുന്നത് എന്നാണ് എന്റെ ബലമായ സംശയം. പലരെയും വച്ച് വോട്ട് സ്പ്ലിറ്റ് ചെയ്യാനാണ് എന്നാണു എന്റെ തോന്നൽ. എന്താണ് ഇതിനു പിന്നിലെ കളികൾ എന്ന് കാത്തിരുന്ന് കാണാം. രവീന്ദ്രൻ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചിട്ടുണ്ട്. പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി 31 ആണ്.
74 പേരാണ് വിവിധ സ്ഥാനങ്ങളിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ജനാധിപത്യപരമായി മത്സരം നടക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നടി സരയു പ്രതികരിച്ചിരുന്നു. ആരോപണവിധേയര്‍ മത്സരിക്കുന്നതു സംബന്ധിച്ച ചോദ്യത്തോട് തങ്ങള്‍ കോടതിയല്ല എന്നായിരുന്നു സരയുവിന്റെ പ്രതികരണം. നടൻ ജോയ്മാത്യുവിന്റെ പത്രിക തള്ളിയിട്ടുണ്ട്. ശ്വേതാ മേനോൻ, ജഗദീഷ്, രവീന്ദ്രൻ, ദേവന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ തുടങ്ങിയവർ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിട്ടുണ്ട്. ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ തുടങ്ങിയവർ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും പത്രിക നൽകിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നവ്യ നായരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. സരയു, അന്‍സിബ, വിനു മോഹന്‍, ടിനി ടോം, അനന്യ, കൈലാഷ് തുടങ്ങിയവരും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരരംഗത്തുണ്ട്.