
താൻ ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ടെന്നും, അത് കൊണ്ട് ഓരോ രൂപയുടെയും വില തനിക്കറിയാമെന്നും തുറന്നു പറഞ്ഞ് ലോകേഷ് കനകരാജ്. ലോകേഷ് വാങ്ങിയ 50 കോടി രൂപ പ്രതിഫലത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്കുകുകയായിരുന്നു അദ്ദേഹം. കൂലി സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“കൈതി ചെയ്യുമ്പോഴാണ് എന്റെ പ്രതിഫലം ഒരു കോടിയാകുന്നത്.കൂലിയിൽ ലഭിച്ച പ്രതിഫലത്തിൽ സന്തോഷം മാത്രമേയുള്ളൂ. കാരണം ലോകം ദരിദ്രനോട് ക്രൂരമായി പെരുമാറും എന്ന് കേട്ടിട്ടുണ്ട്, ഞാൻ ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്, അതിനാൽ ഓരോ രൂപയുടെയും വില എനിക്കറിയാം. ഞാൻ വളരെ കുറച്ച് ആവശ്യങ്ങൾ ഉള്ള ഒരാളാണ്. പണം കൊണ്ട് ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്റെ ബന്ധുജനങ്ങളെയും സുഹൃത്തുക്കളെയും വളർത്തിക്കൊണ്ട് വരുക എന്നതാണ്”. ലോകേഷ് പറഞ്ഞു.
കൂലിയിൽ 50 കോടി രൂപ പ്രതിഫലം വാങ്ങിയതോടെ ഇന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന സംവിധായകരിലൊരാളായി ലോകേഷ് കനഗരാജ് മാറിയിരുന്നു. ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. അടുത്തമാസം 14-നാണ് കൂലിയുടെ ആഗോള തല റിലീസ്. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിദേശ വിതരണാവകാശം സ്വന്തമാക്കിയതിലൂടെ ‘കൂലി’ ഇതിനകം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര വിതരണ രംഗത്തെ പ്രമുഖരായ ഹംസിനി എന്റർടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ ആഗോള വിതരണം ഏറ്റെടുത്തിരിക്കുന്നത്. 100-ലധികം രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.
നാഗാർജുന, സത്യരാജ്, ആമിർ ഖാൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ നാലാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിംഗ് ഫിലോമിൻ രാജുമാണ് നിർവഹിക്കുന്നത്.