
ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുതെന്ന് പറയാൻ ഭരിക്കുന്നത് താലിബാൻ അല്ലെന്ന് വിമർശിച്ച് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകൻ പ്രവീൺ നാരായണൻ. ഇതൊക്കെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണെന്നും പ്രവീൺ പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രവീണിന്റെ പ്രതികരണം.
ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ല. ദൈവങ്ങളുടെ പേര് ഒഴിവാക്കിയാൽ ഹിന്ദുവിന് പിന്നെ എന്ത് പേരാണ് ഉള്ളത് ?. ദൈവത്തിന്റെ പേര് മനുഷ്യൻ ഉപയോഗിക്കരുത്, സിനിമയിൽ ഉപയോഗിക്കരുത് എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണ്. ജാനകി എന്ന പേര് ഉപയോഗിച്ചത് വഴി ആരെയെങ്കിലും അപമാനിക്കുക എന്ന ലക്ഷ്യം കഥയിലോ, തിരക്കഥയിലോ ഉണ്ട് എങ്കിൽ മനസിലാക്കാമായിരുന്നു. ഈ സിനിമ പുരാണ കഥയോ, ചരിത്ര കഥയോ അല്ല. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി, ഇരയാകുന്ന ഒരു സ്ത്രീയുടെ അതിജീവിനത്തിന്റെ പോരാട്ടം പറയുന്ന സിനിമയാണ്. റിവൈസ് കമ്മറ്റിക്ക് മനസിലാകുമെന്ന് കരുതുന്നു. പ്രവീൺ കുറിച്ചു.
സിനിമയിലെ കഥാപാത്രത്തിന് “ജാനകി” എന്ന പേര് വെച്ചതിന് സെൻസർ ബോർഡ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി നിഷേധിച്ചിരുന്നു. പ്രദർശനാനുമതി നൽകണമെന്നാവശ്യപ്പെട്ട് സിനിമയുടെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയും, ഹൈക്കോടതി സെന്സർ ബോർഡിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഹർജി കോടതി നാളെ പരിഗണിക്കും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. അനുപമ പരമേശ്വരനാണ് നായിക. സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷും ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.