“മലയാളത്തിന്റെ ശബ്ദ മാധുര്യം”; വിധു പ്രതാപിന് ജന്മദിനാശംസകൾ

','

' ); } ?>

മലയാള സംഗീത പ്രേമികൾക്കിടയിൽ ഒഴിച്ച് നിർത്താനാവാത്ത മധുര ശബ്ദത്തിനുടമയാണ്‌ ഗായകൻ “വിധു പ്രതാപ്”. മലയാള സിനിമാ പിന്നണി രംഗത്തും, ആൽബം സോങ്ങുകളിലൂടെയും സംഗീത ലോകത്ത് വിധു പ്രതാപ് ഉണ്ടാക്കിയെടുത്ത സ്ഥാനം വളരെ വലുതാണ്. ഏതൊരു താരത്തോട് ചേർത്തു നിർത്തിയാലും ഇണങ്ങി നിൽക്കുന്ന ശബ്ദം തന്നെയാണ് മറ്റുള്ള ഗായകരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. വെറും 9 വയസ്സുമ്പോൾ ആരംഭിച്ച സംഗീത യാത്രയിൽ അദ്ദേഹം അനശ്വരമാക്കിയ ഒരു പിടി ഗാനങ്ങൾ ഇന്നും മലയാളികളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവയാണ്. മലയാളത്തിന്റെ സ്വന്തം പ്രിയപ്പെട്ട ഗായകൻ “വിധു പ്രതാപിന്” ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

സെപ്റ്റംബർ 1, 1980-ന് തിരുവനന്തപുരത്തെ കൈതമുഖിലാണ് വിധു പ്രതാപിന്റെ ജനനം. തിരുവനന്തപുരത്തെ ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് സ്കൂളിലാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് ക്രൈസ്റ്റ് നഗർ സ്കൂളിൽ നിന്ന് അദ്ദേഹം സ്കൂൾ പഠനം പൂർത്തിയാക്കി. ബാല്യത്തിൽ തന്നെ ഗാനാലാപന മത്സരങ്ങളിൽ പങ്കെടുത്ത് തന്റെ സംഗീതപ്രതിഭ തെളിയിച്ചിരുന്നു. മാർ ഇവാനിയോസ് കോളേജിൽ ചേർന്നപ്പോൾ യൂണിയൻ ആർട്സ് ക്ലബ്ബ് സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം, കോളേജ് ജീവിതത്തിലും കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചു. 17-ആം വയസ്സിൽ, ഏഷ്യാനെറ്റ് ചാനൽ സംഘടിപ്പിച്ച സംഗീത മത്സരത്തിൽ വോയ്സ് ഓഫ് ദ ഇയർ അവാർഡ് നേടിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു. സംഗീതത്തിൽ അടിത്തറ ഉറപ്പിക്കുന്നതിന്, അദ്ദേഹം പ്രമുഖ സംഗീതസംവിധായകരായ ജി. ദേവരാജൻ മാസ്റ്റർ , പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് എന്നിവരുടെ കീഴിൽ ശാസ്ത്രീയ പരിശീലനം നേടി.

വിധു പ്രതാപിന്റെ ഗാനജീവിതം ബാല്യത്തിൽ തന്നെ പാദമുദ്ര എന്ന ചിത്രത്തിലൂടെയാണ് ആരംഭിച്ചത്. എന്നാൽ അദ്ദേഹത്തെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് 1999-ൽ പുറത്തിറങ്ങിയ ദേവദാസി എന്ന ചിത്രത്തിലെ “പൊൻ വസന്തം” എന്ന ഗാനത്തിലൂടെയാണ്. അതേ വർഷം പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ “ശുക്രിയ ശുക്രിയ” എന്ന ഗാനവും അദ്ദേഹത്തെ ജനപ്രിയഗായകനാക്കി. 2000-ൽ ആർ. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലെ “കാലമേ കൈകൊള്ളുക നീ” എന്ന ഗാനം അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി കൊടുത്തു. സംഗീതസംവിധായകൻ മോഹൻ സിത്താരയുടെ “എന്ത് സുഖമാണീ നിലാവ്” (നമ്മൾ, 2002) അദ്ദേഹത്തിന് ഏഷ്യാനെറ്റ് അവാർഡും നിരവധി പ്രശംസകളും നേടി കൊടുത്തു.

വിധു പ്രതാപ് അനവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മലയാള സിനിമയിൽ അദ്ദേഹത്തിന്റെ കരിയറിന്റെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകിയ ചില ഗാനങ്ങളാണ് “വാളെടുത്താൽ അങ്കകളി” – മീശ മാധവൻ (2002), “എന്തു സുഖമാണീ നിലാവ്” – നമ്മൾ (2002), “നൈൽ നദിയെ” – റൺവേ (2004), “കാക്കോത്തി” – ചതിക്കാത്ത ചന്തു (2004), “മഴയുള്ള രാത്രിയിൽ” – കഥ (2005), “കണ്ണമ്മ” – തൻമാത്ര (2005), “കാറ്റാടി” – ക്ലാസ്മേറ്റ്സ് (2006), “ചങ്ങാതി” – നോട്ട് ബുക്ക് (2007), “മഴമണി മുകിലേ” – കംഗാരു (2007), “ഇന്നലെ മുറ്റത്ത്” – SMS (2008) തുടങ്ങിയവ.

ഇതിന് പുറമെ വാസ്തവം, ലോലിപോപ്പ്, കേരളവർമ്മ പഴശ്ശിരാജ, വയലിൻ, 180 തുടങ്ങിയ അനവധി ചിത്രങ്ങളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. തമിഴിൽ അദ്ദേഹത്തെ പരിചയപ്പെടുത്തിയത് സംഗീതജ്ഞൻ ഇളയരാജ ആയിരുന്നു. “സൊല്ല മരന്ദ കടൈ, (2002 ) എന്ന ചിത്രത്തിലൂടെ ആയിരുന്നു അത്.

ചലച്ചിത്രഗാനങ്ങൾക്ക് പുറമെ വിധു പ്രതാപ് നിരവധി സംഗീത ആൽബങ്ങളിലൂടെയും തന്റെ സ്വരം സമ്മാനിച്ചിട്ടുണ്ട്. “മൺ വീണയിൽ” (2024), “നീയെൻ മനം നിറയെ” (2008) തുടങ്ങിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ ആൽബം പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്. അദ്ദേഹം സ്റ്റേജ് ഷോകളിലും അതീവ സജീവമാണ്. ഇന്ത്യയ്ക്കകത്തും വിദേശത്തും മലയാള സംഗീതപരിപാടികളിൽ വിധു പ്രതാപ് സ്ഥിരമായി പങ്കെടുക്കുന്നു. ലൈവ് ഷോകളിൽ അദ്ദേഹം അവതരിപ്പിക്കുന്ന ആവേശകരമായ പ്രകടനങ്ങൾ, സംഗീതാനുരാഗികളുടെ മനസ്സിൽ ഒരിക്കലും മായാത്ത അനുഭവമായി മാറുന്നു.

അതുപോലെ തന്നെ ഗായകനായും അവതാരകനായും വിധികർത്താവായും ടെലിവിഷനിലും തന്റെ സാന്നിധ്യം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഐഡിയ സ്റ്റാർ സിംഗർ (2006) – അവതാരകൻ, സൂര്യ ചലഞ്ച് (2015) – അവതാരകൻ, പാട്ടുകളുടെ പാട്ട് (2011) – അഭിനയ അരങ്ങേറ്റം,
ടോപ് സിംഗർ (Flowers TV, 2019) – വിധികർത്താവ്, സൂപ്പർ 4 (മഴവിൽ മനോരമ) – വിധികർത്താവ്, സ്റ്റാർ സിംഗർ (ഏഷ്യാനെറ്റ്, 2023–2025) – വിധികർത്താവ്, ഈ ഷോകൾ അദ്ദേഹത്തെ ഒരു ഗായകനെന്നതിലുപരി, ഒരു മികച്ച മെന്ററായും അംഗീകരിച്ചു.

തന്റെ സംഭാവനകൾക്ക് നിരവധി അംഗീകാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ് വോയ്സ് ഓഫ് ദ ഇയർ (1997) കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് – മികച്ച പിന്നണിഗായകൻ (2001) ഏഷ്യാനെറ്റ് ലക്സ് അവാർഡ് (2002) ഫിലിം ക്രിട്ടിക്സ് അവാർഡ് (2012) സത്യൻ സ്മാരക അവാർഡ് അടക്കമുള്ള അനേകം അംഗീകാരങ്ങൾ തുടങ്ങിയവ അതിൽ പെട്ടതാണ്.

2008 ഓഗസ്റ്റ് 20-ന്, വിധു പ്രതാപ് ടെലിവിഷൻ അവതാരകയും, ക്ലാസിക്കൽ നർത്തകിയുമായ ദീപ്തി പ്രസാദിനെ വിവാഹം കഴിച്ചു. 600-ലധികം സിനിമാഗാനങ്ങളും അനവധി സ്റ്റേജ് ഷോകളാലും വിധു പ്രതാപ് തന്റെ ശബ്ദം കൊണ്ട് മലയാള സംഗീതത്തിന്റെ നിറ സാന്നിധ്യമായി മാറി. അദ്ദേഹത്തിന്റെ ഗായകശൈലി, വികാരഭരിതമായ അവതരണം, സംഗീതത്തിനോടുള്ള ആദരം – ഇതൊക്കെ മറ്റുള്ള ഗായകരിൽ നിന്ന് അദ്ദേഹത്തെ വേർതിരിക്കുന്ന ഘടകങ്ങളാണ്. മലയാള സിനിമാ സംഗീതത്തിന് 1990-കളുടെ അവസാനം മുതൽ നൽകിയ അദ്ദേഹത്തിന്റെ സംഭാവന, ഇന്നും പുതിയ തലമുറയുടെ മനസ്സിൽ പ്രിയപ്പെട്ടതായി തുടരുന്നു. ബാല്യത്തിൽ തുടങ്ങിയ സംഗീതയാത്ര, ഇന്ന് മലയാളത്തിന്റെ സംഗീതചരിത്രത്തിലെ അഭിമാനമായിത്തീർന്നിരിക്കുന്നു. വിവിധ ഭാഷകളിൽ പാടി മലയാളത്തെയും ഇന്ത്യയെയും അന്തർദേശീയ വേദികളിൽ പ്രതിനിധീകരിച്ച വിധു പ്രതാപ്, തന്റെ സംഗീതം കൊണ്ട് തലമുറകളെ ബന്ധിപ്പിക്കുന്ന പാലമാണ്. അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളികളുടെ ജീവിതത്തിലെ ഓർമ്മകളിൽ എന്നും മുഴങ്ങിക്കൊണ്ടിരിക്കും. ഒരു കലാകാരന്റെ ഉയർന്ന വിജയമാണ് അത്. മലയാളത്തിന്റെ അനുഗ്രഹീത കലാകാരൻ വിധു പ്രതാപിന് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.