
മരണമാസ്സ് സിനിമയെ അഭിനന്ദിച്ച് മുരളിഗോപി. ഡാർക്ക് ഹ്യൂമറും സ്പൂഫും ഒരുമിച്ച് കൊണ്ടുവന്നതാണ് “മരണമാസ്സ്” എന്ന സിനിമയുടെ വലിയ വിജയമെന്നു തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി ഗോപിയുടെ പ്രതികരണം. “ഡാർക്ക് ഹ്യൂമറും സ്പൂഫും സിനിമയിൽ വളരെ ശ്രമകരമായ വിഭാഗങ്ങളാണ്. ആദ്യ സംരംഭത്തിൽ തന്നെ ഇതുപോലൊരു ജേണർ മിക്സ് സ്വീകരിച്ച സംവിധായകൻ ശിവപ്രസാദിന്റെ ധൈര്യം പ്രശംസനീയം” എന്നാണ് മുരളി ഗോപിയുടെ വാക്കുകൾ. “കൂട്ടച്ചിരിയിലേക്കും അടക്കിച്ചിരിയിലേക്കും ഉൾച്ചിരിയിലേക്കും ഒന്നിലേറെ തവണ ഈ സിനിമ സദസ്സിനെ നയിക്കുന്നു. അതൊരു വലിയ വിജയം തന്നെയാണ്” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശിവപ്രസാദിന്റെയും സിജു സണ്ണിയുടെയും തിരക്കഥയ്ക്ക് ശിവപ്രസാദാണ് ചിത്രം സംവിധാനമ ചെയ്തിരിക്കുന്നത്. ബേസിൽ ജോസഫ്, രാജേഷ് മാധവൻ, അനിഷ്മ, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.