ഒരു നല്ല സിനിമ കണ്ടു. ദി സൗണ്ട് സ്റ്റോറി. ഒരു ഡോക്യുമെന്ററി സിനിമ പ്രതീക്ഷിച്ചാണ് പോയത്. പക്ഷേ കണ്ടത് ഒരു നല്ല കൊമേര്‍ഷ്യല്‍ സിനിമ. ചെറിയൊരു കഥ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് സംവിധായകനായ പ്രസാദ് പ്രഭാകര്‍. പ്രീ റിലീസിന് കേട്ടത് പോലെ റസൂല്‍ പൂക്കുട്ടി വളരെ ഭംഗിയായി തന്നെ പൂരം ലൈവ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നു. അകലെ നിന്നും ആള്‍ക്കൂട്ടത്തില്‍ ഒരാളായി നിന്നും മാത്രം പൂരം കണ്ടിട്ടുള്ള എല്ലാവര്‍ക്കും ഏറ്റവും അടുത്ത് നിന്ന് പൂരം ആസ്വദിക്കാവുന്ന തരത്തിലാണ് ദൃശ്യങ്ങള്‍. പൂരം ഷൂട്ട് ചെയ്യുക എന്നത് തന്നെ ശ്രമകരമായ ഒരു കാര്യമാണ് എന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ പ്രസാദ് പ്രഭാകര്‍ വളരെ മനോഹരമായി തന്നെ അത് നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡ്യൂസര്‍ ആയ രാജീവ് പനയ്ക്കലിനും ഇത്തരം ഒരു ചിത്രം നിര്‍മ്മിച്ചതില്‍ അഭിമാനിക്കാം. വെറുതേ പൂരം മാത്രമല്ല അതിന് പിന്നില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നവരെ കൂടി പരിചയപ്പെടുത്തുന്നുണ്ട് ദി സൗണ്ട് സ്റ്റോറിയില്‍. പെരുവനം കുട്ടന്‍ മാരാര്‍, ഇലഞ്ഞിത്തറമേളത്തിനെക്കുറിച്ചും വാദ്യമേളങ്ങളുടെ പരിശീലങ്ങളെക്കുറിച്ചും വിവരിക്കുമ്പോള്‍ കേരളത്തിലെ ആദ്യത്തെ വനിതാ ആന പാപ്പാന്‍ ആയ നിഭ നമ്പൂതിരി പൂരത്തിന് അണിനിരക്കുന്ന തലയെടുപ്പുള്ള ഗജ വീരന്മാരുടെ പ്രത്യേകതകകള്‍ പറഞ്ഞു തരുന്നു. ഒപ്പം പൂരത്തിന് വെടിക്കെട്ടൊരുക്കുന്നവരുടെ വിശദീകരണങ്ങള്‍ കൂടിയാകുമ്പോള്‍ സിനിമ കാണുന്ന ഏതൊരാള്‍ക്കും ഇനി എത്രയും പെട്ടെന്ന് പൂരം കണ്ടാല്‍ മതി എന്ന് തോന്നിപ്പോകും.
അങ്ങനെയിരിക്കുമ്പോഴാണ് ചിലരുടെ അനാവശ്യമായ വാശികള്‍ തകര്‍ക്കുന്നത് മറ്റ് ചിലരുടെ സ്വപ്നങ്ങളെയാണ് എന്ന് നമ്മളെ ബോധ്യപ്പെടുത്തും വിധം കഥയില്‍ ഒരു ട്വിസ്റ്റ് ഉണ്ടാകുന്നത്. പാതിവഴിയില്‍ തന്റെ സ്വപ്നം ഉപേക്ഷിക്കേണ്ടി വരികയാണ് റസൂലിന്. പക്ഷെ, ചില സന്മനസ്സുകളുടെ ആഗ്രഹങ്ങള്‍ക്ക് മുന്‍പില്‍ റസൂലിന്റെ ആഗ്രഹവും ആവേശവുമെല്ലാം തിരികെ എത്തുകയാണ്. ഏതൊരു തീവ്രമായ ആഗ്രഹത്തിന്റെയും അതിനായി ഇറങ്ങിത്തിരിക്കുന്നയാളുടെ മനസ്സിലെ നന്മ തിരിച്ചറിഞ്ഞു നിഷ്‌ക്കളങ്കവും സത്യസന്ധവുമായ ആ ആഗ്രഹങ്ങള്‍ക്കൊപ്പം നില്‍ക്കാനും ചിലരുണ്ടാകും എന്ന നല്ലൊരു സന്ദേശവും ഈ ചിത്രം പങ്കുവയ്ക്കുന്നുണ്ട്.
നമ്മള്‍ കാഴ്ചകള്‍ കാണുന്നുണ്ടെകിലും കാതുകള്‍ കൊണ്ട് കാഴ്ചകള്‍ കാണുന്നവരും നമുക്കിടയിലുണ്ട് എന്നും ഈ കൊച്ചു നല്ല ചിത്രം നമ്മളെ ഓര്‍മ്മപ്പെടുത്തുന്നു.