
മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കി കേരള ക്രൈം ഫയല്‍സ് സീസൺ 2 . മൂർച്ചയുള്ള കഥ എന്നാണ് സീരിസിന്റെ തിരക്കഥയ്ക്ക് ലഭിക്കുന്ന അഭിപ്രായം. കിഷ്കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. അഹമ്മദ് കബീറിന്റെ സംവിധാനത്തിനും പ്രശംസകൾ ലഭിക്കുന്നുണ്ട്.
ആദ്യ സീസണിനേക്കാൾ രണ്ടാം ഭാഗം മികച്ചതാണെന്നും കാഴ്ചക്കാരെ സംതൃപ്തിപ്പെടുത്തുന്ന കഥയാണ് സീരിസിന്റേതെന്നുമാണ് പ്രേക്ഷക പ്രതികരണം. ഇന്ദ്രൻസിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കേരള ക്രൈം ഫയൽ സീസൺ 2 ഹോട്ടസ്റ്ററിലൂടെ കഴിഞ്ഞ ദിവസമാണ് സ്ട്രീമിങ് ആരംഭിച്ചത്. ആദ്യ സീസണിൽ ലൈംഗിക തൊഴിലാളിയുടെ ദുരൂഹ മരണമായിരുന്നു പ്രതിപാദ്യ വിഷയമെങ്കിൽ അമ്പിളി രാജുവെന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തിരോധാനമാണ് സീസൺ രണ്ടിന്റെ ന്യൂക്ലിയസ്.
ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ ഈ രണ്ടാം സീസണിലുമുണ്ട്. അവർക്കൊപ്പം അർജുൻ രാധാകൃഷ്ണൻ, ലാൽ, ഹരിശ്രീ അശോകൻ, നൂറിൻ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസണ്‍ 2 സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗവും ഇദ്ദേഹം തന്നെയാണ് ഒരുക്കിയത്. മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദ്, അഹമ്മദ് കബീർ, ജിതിൻ സ്റ്റാനിസ്ലാസ് എന്നിവർ ചേർന്നാണ് സീരീസ് നിർമിച്ചിരിക്കുന്നത്. ഡിഒപി – ജിതിൻ സ്റ്റാനിസ്ലാസ് എഡിറ്റർ – മഹേഷ് ഭുവനാനന്ദ് സംഗീതം – ഹേഷാം അബ്ദുൾ വഹാബ് പ്രൊഡക്ഷൻ ഡിസൈനർ – പ്രതാപ് രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റു അണിയറപ്രവർത്തകർ.