
ചാന്തുപൊട്ട് സിനിമയിലെ ദിലീപിന്റെ കഥാപാത്രത്തിന് സംസ്ഥാന അവാർഡ് ലഭിക്കാത്തതിന്റെ കാരണക്കാർ കൂടെ നിന്ന വേണ്ടപ്പെട്ടവരാണെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ ലാൽ ജോസ്. കൂടാതെ ചാന്തുപൊട്ടിലെ ദിലീപിന്റെ കഥാപാത്രം ട്രാന്‍സ്‌ജെന്ററല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ലാൽ ജോസിന്റെ വെളിപ്പെടുത്തൽ.
“ചാന്തുപൊട്ടിലെ കഥാപാത്രത്തിന്റെ ഔട്ട്‌ലുക്കിന്റെ ക്രെഡിറ്റ് മുഴുവന്‍ ദിലീപിനാണ്. ആ കഥാപാത്രം നേരത്തെ തന്നെ അവന്റെ ഉള്ളിലുണ്ടായിരുന്നു. സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയം വന്നപ്പോള്‍ ഭൂരിപക്ഷം ആളുകളും ദിലീപിന് കൊടുക്കണം എന്ന് പറഞ്ഞപ്പോള്‍ നമ്മുടെ വേണ്ടപ്പെട്ട ചില ആളുകള്‍ തന്നെയാണ് അത് മിമിക്രിയാണ്. മിമിക്രിയില്‍ ഒരുപാട് ആളുകള്‍ ഇത് ചെയ്യുന്നത് കണ്ടിട്ടുണ്ട്. അത്ര വലിയും കാര്യം ഒന്നും അല്ല എന്ന് പറഞ്ഞു. പക്ഷെ ആ വേഷമൊന്ന് ചെയ്ത് നോക്കണം. ഫൈറ്റ് ചെയ്യുമ്പോഴാകട്ടെ, ഡാന്‍സ് ചെയ്യുമ്പോഴാകട്ടെ അദ്ദേഹം ഒരു മില്ലി മീറ്റര്‍ ആ കഥാപാത്രത്തില്‍ നിന്നും മാറിപ്പോയിട്ടില്ല. 60 ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ഒരു ദിവസം ഞാന്‍ അവന്റെ റൂമില്‍ ചെല്ലുമ്പോള്‍ കാണുന്നത് അവന്‍ കിടന്നുറങ്ങുന്നതാണ്. രാധ കിടക്കുന്നത് പോലെയാണ് അവന്‍ കിടന്നിരുന്നത്. പിന്നെ ഉഴച്ചിലിനൊക്കെ പോയിട്ടാണ് കയ്യും കാലുമൊക്കെ ശരിയാക്കുന്നത്. അത്രയും ഇന്‍വോള്‍ഡ് ആയിരുന്നു”. ലാൽ ജോസ് പറഞ്ഞു.
“ട്രാന്‍സ്‌ജെന്ററല്ല ചാന്തുപൊട്ടിലെ ദിലീപിന്റെ ആ കഥാപാത്രം. ആളുകള്‍ കഥ അറിയാതെ ആട്ടം കണ്ടതാണ്. അയാള്‍ക്ക് ബിഹേവിയറല്‍ പ്രശ്‌നമുണ്ടെന്നേയുള്ളൂ. അയാള്‍ ആ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും കുഞ്ഞുണ്ടാവുകയും ചെയ്യുന്നുണ്ട്. ലൈംഗികമായി അയാള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. അയാളുടെ പെരുമാറ്റ രീതിയില്‍ ചെറിയൊരു സ്വാധീനമുണ്ടായിട്ടുണ്ടെന്ന് മാത്രം”. ലാൽ ജോസ് കൂട്ടിച്ചേർത്തു.