
ഷാരൂഖ് ഖാൻ, മനീഷ കൊയ്‌രാള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്‌നം ഒരുക്കിയ ചിത്രം ദിൽ സേയെ കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. ‘ചിത്രത്തിന്റെ ക്ലൈമാക്സിനു അന്ന് വളരെ മോശം പ്രതികരണമാണ് ലഭിച്ചതെന്നും, അത് മാറ്റാൻ മണിരത്‌നത്തോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം വിസമ്മതിച്ചുവെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു.
സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ഭരത് ഷായ്ക്ക് ക്ലൈമാക്സിൽ ഷാരൂഖും മനീഷയും മരിക്കുന്നതിന് പകരം അവർ കെട്ടിപിടിക്കുന്ന സീനെത്തുമ്പോൾ കട്ട് ചെയ്തു ‘ചയ്യ ചയ്യ’ പാട്ടിലേക്ക് സിനിമ പോകുന്ന രീതിയിൽ ആക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ഇത് മണിരത്‌നത്തോട് പറഞ്ഞപ്പോൾ അയാൾക്ക് ഭ്രാന്താണോ എന്നാണ് അദ്ദേഹം തന്നോട് ചോദിച്ചതെന്നും സിനിമയുടെ നിർമാതാവ് കൂടിയായ രാം ഗോപാൽ വർമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞു.
‘ദിൽ സേ റിലീസ് ചെയ്തപ്പോൾ വലിയ നെഗറ്റീവ് റിവ്യൂസ് ആയിരുന്നു ലഭിച്ചത്. ക്ലൈമാക്സിൽ ഷാരൂഖ് ഖാൻ കൊല്ലപ്പെടുന്നത് പ്രേക്ഷകർക്ക് ഇഷ്ടമായില്ല എന്ന് നിർമാതാക്കളിൽ ഒരാളായ ഭരത് ഷാ എന്നോട് പറഞ്ഞു. സിനിമയുടെ ക്ലൈമാക്സ് ട്രാജഡി ആക്കരുതെന്നും ആ സീനുകൾ കട്ട് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിനിമയുടെ അവസാനം ഷാരൂഖും മനീഷയും പരസ്പരം കെട്ടിപ്പിടിക്കുമ്പോൾ, നേരെ ‘ചയ്യ ചയ്യ’ പാട്ടിലേക്ക് സിനിമ പോകുന്ന രീതിയിൽ ആകണമെന്നും ഭരത് ആവശ്യപ്പെട്ടു. ഭരത് ഷായുടെ നിർദ്ദേശം ഞാൻ മണിരത്‌നത്തോട് പറഞ്ഞു. അയാൾക്ക് ഭ്രാന്താണോ എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്. പ്രധാന കഥാപാത്രങ്ങൾ കെട്ടിപ്പിടിച്ചതിന് ശേഷം ചയ്യ ചയ്യ ഗാനം വീണ്ടും പ്ലേ ചെയ്യുന്നത് കാണുമ്പോൾ, അത് ഒരു സന്തോഷകരമായ അവസാനമാണെന്ന് ആളുകൾ കരുതും എന്നതാണ് ഭരതിന്റെ ഉദ്ദേശ്യം എന്ന് ഞാൻ പറഞ്ഞു. പക്ഷെ മണിരത്‌നം അത് സമ്മതിച്ചില്ല’, രാം ഗോപാൽ വർമ്മ പറഞ്ഞു.
ഷാരൂഖ് ഖാൻ, മനീഷ കൊയ്‌രാള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്‌നം ഒരുക്കിയ ചിത്രമാണ് ദിൽ സേ. ഒരു റൊമാന്റിക് ഡ്രാമയായി ഒരുങ്ങിയ സിനിമയിലെ ഗാനങ്ങളൊക്കെയും ഇന്നും വലിയ ഹിറ്റാണ്. എന്നാൽ മോശം പ്രതികരണങ്ങളായിരുന്നു സിനിമയ്ക്ക് അന്ന് ലഭിച്ചത്. ബോക്സ് ഓഫീസിലും കാര്യമായ നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. ചിത്രത്തിന്റെ ക്ലൈമാക്സ് ആയിരുന്നു മോശം പ്രതികരണം ലഭിക്കാനുള്ള കാരണം. എആർ റഹ്മാൻ ആയിരുന്നു സിനിമയ്ക്കായി സംഗീതം നൽകിയത്. പ്രീതി സിന്റ, രഘുബീർ യാദവ്, അരുന്ധതി റാവു തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.