
ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്റർടൈൻമെന്റ്സ് ഒരുക്കിയ പാൻ ഇന്ത്യൻ ഹിറ്റ് ചിത്രം മാർക്കോയുടെ രണ്ടാം ഭാഗത്തിന്റെ പേര് രജിസ്റ്റർ ചെയ്ത് നിർമ്മാതാക്കൾ. ‘ലോർഡ് മാർക്കോ’ എന്ന പേരിലാണ് ചിത്രം ചേമ്പർ ഓഫ് കൊമേഴ്സിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ സംവിധായകൻ.
ചിത്രത്തിലെ നായകനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. കന്നഡ സൂപ്പർ താരം യാഷ് ചിത്രത്തിൽ നായകനായി എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അടുത്തിടെ മാർക്കോ സീരീസ് ഉപേക്ഷിക്കുകയാണെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് മാർക്കോയുടെ രണ്ടാഭാഗത്തിലെ നായകനെ കുറിച്ചുള്ള വാർത്തകൾ സജീവമാകുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വയലന്റ് ആക്ഷൻ ചിത്രമായാണ് ഹനീഫ് അദനി- ക്യൂബ്സ് എന്റർടൈൻമെന്റ് ടീം ‘മാർക്കോ’ ഒരുക്കിയത്. തിയേറ്ററുകളിൽ വലിയ വിജയമായ ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലും മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. മാർക്കോയുടെ തുടർച്ച അതിനേക്കാൾ വലിയ കാൻവാസിൽ വരുമെന്നാണ് അണിയറക്കാർ നേരത്തേ പറഞ്ഞിരുന്നത്. മാര്‍ക്കോ 2വിനെ കുറിച്ചുള്ള ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ഇപ്പോള്‍ വന്നിരിക്കുന്ന മറുപടി വീണ്ടും ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്. സിനിമയുടെ കാര്യത്തില്‍ ഉണ്ണി മുകുന്ദനും നിര്‍മാതാക്കളും രണ്ട് തട്ടിലാണോ എന്നും ചോദ്യങ്ങളുയരുന്നുണ്ട്.