“സഹോദരനെപ്പോലെ കണ്ടവൻ വിശ്വാസ വഞ്ചന ചെയ്തു”; ഓഡിയോ വിവാദത്തിൽ വിശദീകരണവുമായി നാസർ ലത്തീഫ്

','

' ); } ?>

തൻ്റെ പേരിൽ പ്രചരിച്ച ഓഡിയോ വിവാദത്തിൽ വിശദീകരണവുമായി നടനും ‘അമ്മ’ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ നാസർ ലത്തീഫ് രംഗത്ത്. ഒരുവർഷം മുമ്പ് മാനസിക സമ്മർദ്ദത്തിനിടയിൽ സഹപ്രവർത്തകൻ ജയൻ ചേർത്തലയ്ക്ക് അയച്ച സ്വകാര്യ ഓഡിയോയാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി ചോർത്തിയതെന്നാണ് നാസറിൻ്റെ ആരോപണം. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു നാസറിന്റെ പ്രതികരണം.

“ഒരു വർഷം മുമ്പ് വ്യക്തിപരമായ വിഷമത്തിലൂടെ കടന്നുപോയ സമയത്താണ് ആ സന്ദേശം അയച്ചത്. ജയനെ ഞാൻ സഹോദരനായി കരുതുന്നവനാണ്. എതിരാളികളെ പോലെ അത് ഉപയോഗിക്കുന്നത് വിശ്വാസവഞ്ചന മാത്രമാണ്. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഇപ്പോഴും പിൻവാങ്ങാൻ ഞാൻ തയ്യാറാണ്. ‘അമ്മ’യിൽ നിന്ന് സ്വന്തമായി എനിക്കൊന്നും നേടാനില്ല. ദൈവം സാക്ഷിയാക്കി ഞാൻ പറയുകയാണ് എനിക്ക് സത്യസന്ധതയാണ് പ്രധാനം. നല്ലൊരു പ്രവർത്തനം നടത്താൻ ഒരവസരം കിട്ടുമെങ്കിൽ കളയണ്ട എന്ന് കരുതിയാണ് ഇലെക്ഷനിൽ പങ്കെടുക്കാൻ തീരുമാനിച്ചത്”. നാസർ ലത്തീഫ് പറഞ്ഞു.

“ഓഡിയോ പുറത്തുവിട്ടത് തീർത്തും വിശ്വാസ വഞ്ചനയാണ്. എന്റെ കയ്യിലും ഉണ്ട് പലരുടെയും ക്ലിപ്പുകൾ, പക്ഷെ എനിക്കാ വഴി തെരഞ്ഞെടുക്കേണ്ട കാര്യമില്ല. അങ്ങനെ ചെയ്താൽ ‘അമ്മ’ എന്ന സംഘടന തന്നെ തകർന്നുപോകും. ജയൻ ചേർത്തല എന്ത് കൊണ്ട് ഇങ്ങനെ ചെയ്തു എന്നതിന്റെ കാരണം വ്യക്തമാക്കണം. മാധ്യമങ്ങളിലൂടെയും, സോഷ്യൽ മീഡിയകളിലൂടെയും വിചാരണ ചെയ്യപ്പെടാൻ ഞാനാഗ്രഹിക്കുന്നില്ല. ലക്ഷ്മിപ്രിയയും ജയനും ആ സ്ഥാനത്ത് വരട്ടെ, പക്ഷെ അതിനു ഇത്രയും തരം താഴ്ന്ന രീതി ഉപയോഗിക്കേണ്ടിയിരുന്നില്ല. നാസർ ലത്തീഫ് കൂട്ടിച്ചേർത്തു.