
ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയുടെ കുത്തക അവസാനിപ്പിച്ച് സർക്കാർ ചുമതലയിൽ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോം തുടങ്ങണമെന്ന ആവശ്യം ഉന്നയിച്ച് സംവിധായകൻ വിനയൻ. കൂടാതെ താര സംഘടന ‘അമ്മ’ കൈനീട്ടം കൊടുക്കുന്ന പോലെ അവശത അനുഭവിക്കുന്ന എല്ലാ സീനിയർ നിർമാതാക്കൾക്കും വലിപ്പച്ചെറുപ്പമില്ലാതെ ഒരു 6000 രൂപ പ്രതിമാസം പെൻഷനായി നൽകണമെന്നതും തൻ്റെ ആഗ്രഹമാണെന്നും വിനയൻ വ്യക്തമാക്കി. കേരള ഫിലിം പ്രൊഡ്യൂസേഴസ് അസ്സോസിയേഷൻ തിരഞ്ഞെടുപ്പിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന് എതിരായി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് വിനയനാണ്.
“കേരളത്തിൽ രണ്ടുലക്ഷം പേർ ഒരു ദിവസം കാണുന്ന ഒരു സിനിമയ്ക്ക് 70 ലക്ഷം രൂപ തന്നെ നിർമാതാവിനു നഷ്ടമാകുന്നു.’എമ്പുരാൻ’ റിലീസ് ഡേറ്റിൽ 24 മണിക്കൂറുകൊണ്ട് ആറര ലക്ഷം ടിക്കറ്റ് ബുക്ക്‌മൈ ഷോയിലൂടെ വിറ്റെന്ന് കമ്പനി തന്നെ അവകാശപ്പെടുന്നു. പ്രൊഡ്യൂസർക്കു കിട്ടേണ്ട എത്ര കോടി രൂപ പോയി എന്നൊന്നു കണക്കു കൂട്ടി നോക്കു. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോകുന്ന അവസ്‌ഥ. കൂടുതൽ സിനിമകളും നഷ്ടത്തിലോടുന്ന ഈ കാലത്ത് പണം മുടക്കി കടക്കാരനാകുന്ന നിരവധി പാവം നിർമാതാക്കളുടെ കാലി കീശയിൽ നിന്നും വീണ്ടും കൊള്ളയടിക്കുന്ന ഈ ചതി ഇല്ലാതാക്കിയേ മതിയാവു”. വിനയൻ പറഞ്ഞു
“സർക്കാർ ചുമതലയിൽ ഒരു ഓൺലൈൻ ബുക്കിങ് പ്ലാറ്റ് ഫോം ഉണ്ടാക്കി ഈ വെട്ടിപ്പിൽ നിന്നും നിർമാതാക്കളെ രക്ഷിക്കാൻ നിർമാതാക്കളുടെ സംഘടന കച്ച കെട്ടി ഇറങ്ങേണ്ടി ഇരിക്കുന്നു. പണക്കാരൊന്നും അല്ലങ്കിലും സിനിമയോടുള്ള പാഷൻ കൊണ്ട് നിർമാണരംഗത്ത് വന്ന് നഷ്‌ടമുണ്ടായി ഇന്ന് മരുന്നു വാങ്ങാൻ പോലും കാശില്ലാതെ നിറകണ്ണുകളോടെ നിരാശരായി ഇരിക്കുന്ന നിരവധി നിർഭാഗ്യ നിർമാതാക്കൾ മലയാള സിനിമയിലുണ്ട് താര സംഘടന ‘അമ്മ’ കൈനീട്ടം കൊടുക്കുന്ന പോലെ അവശത അനുഭവിക്കുന്ന എല്ലാ സീനിയർ നിർമാതാക്കൾക്കും വലിപ്പച്ചെറുപ്പമില്ലാതെ ഒരു 6000 രൂപ പ്രതിമാസം പെൻഷനായി നൽകണമെന്നാണ് എൻ്റെ അഭിപ്രായം. അതിനുള്ള ഫണ്ട് സ്വരൂപിക്കാൻ നിർമാതാക്കളുടെ സംഘടന തുനിഞ്ഞിറങ്ങിയാൽ നടക്കുമെന്ന കാര്യത്തിൽ എനിക്കു സംശയമില്ല. ഇങ്ങനെ നിരവധി പദ്ധതികൾ മനസ്സിൽ പ്ലാൻ ചെയ്‌തു കൊണ്ടാണ് ഈ 14-ാം തീയതി നടക്കുന്ന സംഘടനയുടെ ഇലക്‌ഷനിൽ സെക്രട്ടറി ആയി മത്സരിക്കാൻ ഞാൻ തയാറായിരിക്കുന്നത്.
കഴിഞ്ഞ പതിനഞ്ചിലേറെ വർഷങ്ങളായി (ചിലരൊക്കെ അതിൽ കൂടുതലും) സംഘടനയുടെ ഭരണത്തിൽ തുടർച്ചയായി ഇരിക്കുന്ന സുഹൃത്തുക്കളെ വകഞ്ഞുമാറ്റി അകത്തു കയറുക എന്നത് ചക്രവ്യൂഹം ഭേദിച്ച് അകത്തു കയറുന്നതു പോലെ കാഠിന്യമാണെന്നെനിക്കറിയാം”. വിനയൻ കൂട്ടിച്ചേർത്തു