
പട്ടാളി മക്കള്‍ കക്ഷി നേതാവ് എസ്. രാംദോസിന്റെ ജീവിതം സിനിമയാക്കാനൊരുങ്ങി നടനും സംവിധായകനുമായ ചേരൻ. എസ്. രാംദോസിന്റെ 87-ാം പിറന്നാള്‍ ദിവസമായ വെള്ളിയാഴ്ചയാണ് ചിത്രം പ്രഖ്യാപിച്ചത്. ‘അയ്യാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ചേരനാണ് സംവിധാനം ചെയ്യുന്നത്. ‘തമിഴ്‌നാടിന്റെ സിംഹം’ എന്ന ടാഗ് ലൈനോട് കൂടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചേരന്‍ തന്റെ സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തു വിട്ടിട്ടുണ്ട്.
പിഎംകെയില്‍ എസ്. രാംദോസും മകന്‍ അന്‍പുമണി രാംദോസും തമ്മില്‍ ആഭ്യന്തരകലഹം രൂക്ഷമായിരിക്കെയാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. അന്‍പുമണി രാംദോസ് നടത്താനിരുന്ന പദയാത്രയ്‌ക്കെതിരെ എസ്. രാംദോസ് കഴിഞ്ഞ ദിവസം പോലീസിന് പരാതി നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ആരി അര്‍ജുനനാണ് രാംദോസിനെ അവതരിപ്പിക്കുന്നത്. സുന്ദരമൂര്‍ത്തിയാണ് സംഗീതം. എകംബരം ക്യാമറ കൈകാര്യംചെയ്യും. പൊന്‍ കതിരേഷ് എഡിറ്റിങ് നിര്‍വഹിക്കുന്നു. തമിഴ് കുമരന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജികെഎം തമിഴ് കുമരനാണ് ചിത്രം നിര്‍മിക്കുന്നത്. 2019-ലാണ് ചേരന്റെ സംവിധാനത്തില്‍ ഒടുവില്‍ ഒരു ചിത്രം പുറത്തിറങ്ങിയത്. ചേരന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് മലയാളച്ചിത്രം ‘നരിവേട്ട’യിലാണ്.