“എൽ ക്ലാസിക്കോയ്ക്ക് തയാറാണോ? മി, അമോർ’, ‘എപ്പളേ റെഡി പുയ്യാപ്ലേ'”; ടോവിനോ- നസ്രിയ ചിത്രം ഉടൻ

','

' ); } ?>

ടൊവിനോ തോമസും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ പുറത്ത്. ചിത്രം ഉടൻ തുടങ്ങുമെന്നാണ് പുതിയ അപ്ഡേറ്റ്. അപ്ഡേറ്റിനിടയിൽ ഇരുതാരങ്ങളുടെയും ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോൾ വൈറലാകുന്നത്. “എൽ ക്ലാസിക്കോയ്ക്ക് തയാറാണോ? മി, അമോർ’ എന്ന ചോദ്യവുമായി നസ്രിയയെ ടാഗ് ചെയ്താണ് ടൊവിനോ സ്‌റ്റോറി പങ്കുവച്ചിരിക്കുന്നത്. ‘എപ്പളേ റെഡി പുയ്യാപ്ലേ’ എന്നാണ് ഇതിന് നസ്രിയയുടെ മറുപടി.

മുഹ്‌സിൻ പരാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുഹ്‌സിന്റെ രണ്ടാമത്തെ ചിത്രമാണിത് . പ്രേക്ഷക പ്രശംസ നേടിയ ‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകൻ സക്കരിയയുമായി ചേർന്നാണ് മുഹ്സിൻ പരാരി ഈ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എ.വി.എ പ്രൊഡക്ഷൻസ്, മാർഗ എന്റർടെയ്ൻമെന്റ്, ദി റൈറ്റിങ് കമ്പനി എന്നീ ബാനറുകളാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നത്. പിആർഒ : ആതിര ദിൽജിത്ത്.

‘കെഎൽ 10 പത്ത്’ എന്ന ചിത്രമാണ് മുഹ്സിൻ പരാരി ആദ്യമായി സംവിധാനം ചെയ്തത്. നീണ്ട പത്തുവർഷങ്ങൾക്ക് ശേഷമാണ് പരാരി പുതിയ സിനിമയുമായി എത്തുന്നത്. സംവിധാനത്തിന് പുറമെ തിരക്കഥാകൃത്തായും ഗാനരചയിതാവായും പ്രശസ്തനാണ് മുഹ്സിൻ പരാരി.

അതേ സമയം പതിനൊന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും തമിഴ് സിനിമയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് നടി നസ്രിയ നസീം. സോണി ലിവ് ഒരുക്കുന്ന ‘ദി മദ്രാസ് മിസ്റ്ററി: ഫാള്‍ ഓഫ് എ സൂപ്പര്‍ സ്റ്റാര്‍’ എന്ന വെബ് സീരീസിലൂടെയാണ് നസ്രിയയുടെ തിരിച്ചു വരവ്. നസ്രിയയുടെ ആദ്യ വെബ് സീരിസുകൂടിയാണിത്. നവംബര്‍ ആറിനാണ് ‘ദി മദ്രാസ് മിസ്റ്ററി: ഫാള്‍ ഓഫ് എ സൂപ്പര്‍സ്റ്റാര്‍’ പുറത്തിറങ്ങുക. 2014-ല്‍ പുറത്തിറങ്ങിയ ‘തിരുമനം എനും നിക്കാഹ്’ ആണ് നസ്രിയ അഭിനയിച്ച അവസാന തമിഴ് ചിത്രം.

1940-കളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന കുപ്രസിദ്ധമായ ലക്ഷ്മീകാന്തന്‍ കൊലപാതക കേസിനെ അടിസ്ഥാനമാക്കിയുള്ള ത്രില്ലറാണ് ഈ വെബ് സീരീസ്. സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന സീരീസില്‍ നാട്ടി, ശാന്തനു ഭാഗ്യരാജ്, നാസര്‍, വൈജി മഹേന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.