
സുരേഷ് ഗോപി ചിത്രം ജെ എസ് കെ ചിത്രത്തിന്റെ പ്രദർശന അനുമതി നിഷേധിച്ചതിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാനകിയെന്ന പേര് മാറ്റണമെന്ന തീരുമാനത്തിന്റെ പകർപ്പും കോടതി നിർദേശപ്രകാരം സെൻസർ ബോർഡ് ഇന്ന് ഹാജരാക്കും.
കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ റിവൈസിങ് കമ്മിറ്റി സിനിമ കണ്ടെന്നും, ജാനകി എന്ന പേര് മാറ്റണമെന്ന് നിർദേശിച്ചതായും സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു.
സിനിമയിൽ ബലാത്സംഗത്തിനിരയായ കഥാപാത്രത്തിന്റെ പേരാണ് ‘ജാനകി’, അതുകൊണ്ടാണ് മാറ്റാൻ നിർദേശിച്ചതെന്നുമാണ് സെൻസർ ബോർഡിന്റെ വാദം. ജാനകി’ എന്ന പൊതുനാമം എങ്ങനെയാണ് മതത്തിന്റെ പേരിലേക്ക് മാറുന്നതെന്നും ‘രംലക്കൻ’ എന്ന പേരിൽ സിനിമയുണ്ട്, പിന്നെ എന്താണ് ‘ജാനകി’ എന്ന പേരിൽ കുഴപ്പമെന്നും കോടതി ചോദിച്ചിരുന്നു. ‘ജാനകി’ എന്ന പേരിന് പകരം മറ്റേതെങ്കിലും പേര് ഉപയോഗിച്ചാൽ പ്രശ്‌നം ഇല്ലയോ എന്നും കോടതി ചോദിച്ചു.
മലയാളത്തിൽ ഉൾപ്പെടെ മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിൽ 96 ഇടങ്ങളിൽ ആണ് ജാനകി എന്ന പേര് പരാമർശിക്കുന്നത്. ഇത് മാറ്റുക എന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കിരൺ രാജ് മുമ്പ് പറഞ്ഞിരുന്നു.
സെൻസർ ബോർഡ് തീരുമാനത്തിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കോടതിയെ സമീപിക്കും.
അതേ സമയം വിഷയവുമായി ബന്ധപ്പെട്ട് സിനിമ പ്രവർത്തകർ തിരുവനന്തപുരത്തെ സെൻസർ ബോർഡ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഓഫീസിന് മുന്നിൽ സംയുക്ത സമരസമിതി പ്രതീകാത്മക ഉദ്ഘാടനം സംഘടിപ്പിച്ചു.
കത്രികകൾ കുപ്പത്തൊട്ടിയിൽ ഇട്ട് സ്റ്റാർട്ട്, ക്യാമറ, ആക്ഷൻ, നോ കട്ട് എന്ന് പറഞ്ഞായിരുന്നു ഉദ്ഘാടനം.
രഞ്ജിത് പ്രതിഷേധത്തിൽ പങ്കെടുത്തു. “കേന്ദ്രമന്ത്രിയാണ് ഈ സിനിമയിലെ നായകൻ. അദ്ദേഹത്തിന് അറിയാത്തത് അല്ലല്ലോ സിനിമ നിയമം. ശക്തമായ സമരം തുടരും”. പ്രൊഡ്യൂസർ അസോസിയേഷന് വേണ്ടി സമരത്തിൽ പങ്കെടുത്ത് കൊണ്ട് രഞ്ജിത് പറഞ്ഞു. പേരിന്റെ പേരിൽ എന്തിനാണ് ജനങ്ങളെ വേർതിരിക്കുന്നത്. മതം എന്തിനാണ് കൂടിക്കലർത്തുന്നത്. കേന്ദ്രമന്ത്രി നായകനായത് കൊണ്ടല്ല ഞങ്ങൾ സമരത്തിന് വന്നത്. ആരുടെ സിനിമയെങ്കിലും സമരത്തിന്നിറങ്ങും. നടിയും അമ്മ ഭാരവാഹിയുമായ അൻസിബ ഹസ്സൻ പറഞ്ഞു.