
ഭാഷ അറിയാത്തത്കൊണ്ടാണ് “സിക്കന്ദർ” പരാജയപെട്ടതെന്ന സംവിധായകൻ എ ആർ മുരുഗദോസിന്റെ പ്രസ്താവനയെ വിമർശിച്ച് സോഷ്യൽ മീഡിയ. ഇതിനു മുന്നേ ചെയ്ത ഗജനി ഹിറ്റായല്ലോ, അറിയില്ലെങ്കിൽ ഈ പണിക്ക് നിക്കണോ എന്നൊക്കെയാണ് വിമർശനം. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലായിരുന്നു മുരുഗദോസിന്റെ ചിത്രത്തെക്കുറിച്ചുള്ള വിശദീകരണം.
‘ഭാഷ അറിയില്ലെങ്കിൽ പിന്നെ നിങ്ങളെന്തിനാണ് സിനിമ ചെയ്തത്’, ‘പിന്നെ എങ്ങനെയാണ് ഹോളിഡേയും ഗജിനിയുമൊക്കെ ബ്ലോക്ക്ബസ്റ്ററാകുന്നത്? കഥയും മേക്കിങ്ങുമൊന്നും കൊള്ളിലെങ്കിൽ ഔട്ട്‌പുട്ട് സീറോ ആയിരിക്കും, വെറുതെ ഒഴിവുകഴിവുകൾ പറയേണ്ടതില്ല’,
അപ്പോ ഗജിനി ഹിന്ദി എങ്ങനെയാണ് ഹിറ്റായത്, ആദ്യം പരാജയത്തെ അംഗീകരിക്കാൻ പഠിക്ക്’. എന്നിങ്ങനെയാണ് അഭിമുഖത്തിന് താഴെ വരുന്ന കമന്റുകൾ.
നമ്മുടെ മാതൃഭാഷയിൽ ഒരു സിനിമ ചെയ്യുമ്പോൾ അത് നമുക്കൊരു ബലം നൽകും. കാരണം ഇവിടെ എന്താണ് നടക്കുന്നത് എന്നതിനേക്കുറിച്ച് നമുക്ക് കൃത്യമായ ധാരണയുണ്ടാകും. എന്നാൽ നമ്മൾ മറ്റൊരു ഭാഷയിൽ ചെയ്യുമ്പോൾ അവിടുത്തെ ട്രെൻഡ് എന്താണെന്ന് നമുക്ക് മനസിലാകില്ല. അങ്ങനെ വരുമ്പോൾ നമുക്ക് സ്ക്രിപ്റ്റിനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകേണ്ടി വരും. ഹിന്ദി എനിക്ക് അറിയില്ല. തമിഴിൽ നിന്ന് അവർ ഇംഗ്ലീഷിലേക്കും പിന്നെ ഹിന്ദിയിലേക്കും സ്ക്രിപ്റ്റ് പരിഭാഷപ്പെടുത്തിയിട്ടാണ് സിനിമ ചെയ്യുന്നത്. എന്നായിരുന്നു മുരുഗദോസിന്റെ പ്രസ്താവന.
സൽമാൻ ഖാൻ, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് സിക്കന്ദർ. ചിത്രം വൻ പ്രതീക്ഷയോടെയാണ് തിയറ്ററുകളിലെത്തിയതെങ്കിലും പരാജയമായി മാറി.