
വിജയ് നായകനായ ലിയോ സിനിമയുടെ രണ്ടാം പകുതിയിലെ ഫ്ലാഷ്ബാക്ക് രംഗങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളെ കുറിച്ച് പ്രതികരിച്ച് സംവിധായകൻ ലോകേഷ് കനകരാജ് . വിമർശനങ്ങൾ തന്നെ ബാധിച്ചില്ലെന്നും, സിനിമയിലെ കുറവുകളെ താൻ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ലിയോയുടെ വിമർശനങ്ങൾ എന്നെ ഒരുപാട് ബാധിച്ചു എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ ശരിക്കും അങ്ങനെ സംഭവിച്ചിട്ടില്ല. ആ വിമർശനങ്ങൾ എനിക്ക് ഒരു ബോധവൽക്കരണമായി തോന്നി. സിനിമ മുഴുവനായി പരാജയമായിരുന്നെങ്കിൽ, അടുത്തത് എന്ത് ചെയ്യണം എന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമായിരുന്നു. ഫ്ലാഷ്ബാക്ക് ഭാഗത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിന് പല കാരണങ്ങളും ഉണ്ടെങ്കിലും ഇപ്പോള്‍ അതിലേക്കില്ല. എല്ലാം എന്റെ ഉത്തരവാദിത്വം ആണ്. അതിനെ ഞാൻ നന്നായി ഹാൻഡിൽ ചെയ്യണമായിരുന്നു,” ലോകേഷ് പറഞ്ഞു. അതേസമയം, ചിത്രത്തിലെ 20 മിനിറ്റ് ദൈർഘ്യമുള്ള ഫ്ലാഷ്ബാക്ക് രംഗം സിനിമയുടെ ബിസിനസ് നേട്ടങ്ങളെയോ റീ വാച്ച് വാല്യുവിനെയോ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറായ ലിയോ, മാസ്റ്ററിന് ശേഷമുള്ള ഇരുവരുടെയും രണ്ടാം കൂട്ടുചേരലായിരുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയും ദി റൂട്ട്‌സും ചേർന്ന് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. കേരളത്തിൽ ഗോകുലം ഗോപാലൻ ആണ് ചിത്രത്തിൻറെ വിതരണാവകാശം സ്വന്തമാക്കിയിരുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചിരുന്നെങ്കിലും, ബോക്സ് ഓഫീസിൽ ലിയോ വലിയ നേട്ടം കൈവരിച്ചു.