
‘നരിവേട്ട’ കണ്ട അനുഭവം പങ്ക് വെച്ച് റവന്യൂമന്ത്രി കെ. രാജൻ. ‘കണ്ണു നനയിപ്പിക്കുന്ന നരിവേട്ട’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിലൂടെയാണ് മന്ത്രി അനുഭവം പങ്കു വെച്ചത്. ചരിത്രത്തെ കാവല്‍ നിർത്തിയുള്ള അതിമനോഹര ചലച്ചിത്രാവിഷ്കാരമാണ് ‘നരിവേട്ട’യെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദൃഢമായ രാഷ്ട്രീയം സംസാരിച്ചു കൊണ്ടാണ് ‘നരിവേട്ട’ മുന്നോട്ടു പോകുന്നത്. 2003-ലെ മുത്തങ്ങ ആദിവാസി സമരവും അതിനെതിരെ അന്നത്തെ കോൺഗ്രസ് ഭരണകൂടം നടത്തിയ കിരാതമായ ആക്രമണവും വർത്തമാന തലമുറകളിലെ ചർച്ചകളിലേക്ക് കൊണ്ടുവരുവാൻ ഈ സിനിമക്കായെന്നും കെ. രാജൻ അഭിപ്രായപ്പെട്ടു. സംവിധായകൻ അനുരാജ് മനോഹർ ഈ കുറിപ്പ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.
“കണ്ണു നനയിപ്പിക്കുന്ന നരിവേട്ട. ടോവിനോ തോമസിനെ നായകനാക്കി അബിൻ ജോസഫ് തിരക്കഥയെഴുതി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന സിനിമ കണ്ടു. അതിമനോഹരമായ ഒരു ചലച്ചിത്രാവിഷ്കാരമാണ് അനുരാജ് നരിവേട്ടയിലൂടെ നമുക്കു മുന്നിൽ അവതരിപ്പിച്ചത് . ഓരോ മുഹൂർത്തങ്ങളും ചരിത്രത്തെ കാവൽ നിർത്തിയാണ് അനുരാജ് അവതരിപ്പിച്ചിട്ടുള്ളത്. ഒരു പക്ഷെ തൻ്റെ ജീവിതാനുഭവങ്ങളിലൂടെ പകർന്നു കിട്ടിയ കരുത്തും ഇത്തരമൊരു സിനിമ അവതരിപ്പിക്കാൻ അനുരാജിന് കാവലായിട്ടുണ്ട്. ഓരോ അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങളെ മനോഹരമാക്കി. വർഗ്ഗീസ് എന്ന പോലീസുകാരൻറെ വേഷം വളരെ മികച്ച രീതിയിൽ ടോവിനോ അവതരിപ്പിച്ചു. എടുത്തു പറയേണ്ടത് പ്രണവ് ടെഫിൻറെ അഭിനയം ആണ്. താമിയെ തൻറെ ഉള്ളിൽ ആവിഷ്ക്കരിച്ച് തന്നെ പ്രതിഫലിപ്പിക്കാൻ പ്രണവിനായി. അതു പോലെ തന്നെ സിനിമയുടെ ഛായഗ്രഹണവും പ്രശംസ അർഹിക്കുന്നത് തന്നെയാണ്. ഉയർന്ന നിരവാരത്തിൽ തന്നെ ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിച്ചതിന് അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നു.
ദൃഢമായ രാഷ്ട്രീയം സംസാരിച്ചു കൊണ്ടാണ് നരിവേട്ട മുന്നോട്ടു പോകുന്നത്. 2003 ലെ മുത്തങ്ങ ആദിവാസി സമരവും അതിനെതിരെ അന്നത്തെ കോൺഗ്രസ് ഭരണകൂടം നടത്തിയ കിരാതമായ ആക്രമണവും വർത്തമാന തലമുറകളിലെ ചർച്ചകളിലേക്ക് കൊണ്ടുവരുവാൻ ഈ സിനിമക്കായി. ഒരു നീറലോടെയല്ലാതെ മുത്തങ്ങ സംഭവം ഓർത്തെടുക്കാൻ കഴിയുകയില്ല. അന്ന് ഞാൻ AIYF തൃശൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന സമയമാണ്. മുത്തങ്ങ, കേരളത്തിന് മറക്കാൻ കഴിയുന്ന പേരല്ല. ഒരു തുണ്ട് ഭൂമിക്കായി മണ്ണിന്റെ മക്കൾ നടത്തിയ അവകാശ സമരത്തിന്റെ അടയാളമാണ് ആ പേരിലൂടെ പ്രതിഫലിക്കുന്നത്. മുത്തങ്ങയിലെ ജനങ്ങളെ കോൺഗ്രസ് ഭരണകൂടം ആട്ടിയോടിച്ചപ്പോൾ അവരെ ചേർത്ത് പിടിച്ചത് ഇടതുപക്ഷമാണ്. അന്ന് സമരത്തിൽ പങ്കെടുത്ത 283 കുടുംബങ്ങൾക്കും ഇടതുപക്ഷ സർക്കാർ ഭൂമി നൽകി. ബാക്കിയുണ്ടായിരുന്ന 37 കുടുംബങ്ങൾക്കും ഞാൻ തന്നെ നേരിട്ട് ഭൂമിയുടെ അവകാശം കൈമാറി. ഒരേക്കർ ഭൂമി വീതമാണ് 2023 മാർച്ച് മാസത്തിൽ നൽകിയത്. ഇതോടെ മുത്തങ്ങ സമരക്കാരായ 283 കുടുംബങ്ങൾക്കും ഭൂമി ലഭിച്ചു. ഭൂമിയുടെ രേഖകൾ എന്നിൽ നിന്നും അവർ ഏറ്റുവാങ്ങുമ്പോഴും അവരുടെ ഉള്ളിൽ 2003 ലുണ്ടായ വെടിവെയ്പ്പിന്റെ കാതടപ്പിക്കുന്ന വേദനകൾ നിഴലിച്ചു നിന്നിരുന്നു. എന്നിൽ നിന്നും കൈവശാവകാശ രേഖ ഏറ്റുവാങ്ങാൻ വന്ന വള്ളിയും, നങ്ങിയും, പേളിയും, ശാന്തയും വലിയ സന്തോഷം പ്രകടിപ്പിച്ചത് ഇപ്പോഴും ഓർക്കുന്നു. അന്ന് കേരളം ഭരിച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ നിർദ്ദേശാനുസരണമാണ് പോലീസ് മുത്തങ്ങയിൽ സമരം ചെയ്യുന്ന ആദിവാസികൾക്കെതിരെ നിറയൊഴിക്കുകയും ക്രൂര മർദ്ദനത്തിന് ഇരയാക്കുകയും ചെയ്തത്. അവർ താമസിച്ച സ്ഥലങ്ങളിൽ നിന്ന് ദിവസങ്ങളോളം മാറി നിൽക്കേണ്ടി വന്നു. വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരെ തെളിവ് നശിപ്പിക്കുന്നതിനായി കുഴിയിലേക്ക് വലിച്ചിട്ട് മണ്ണെണ്ണയും പഞ്ചസാരയും ചേർത്ത് കത്തിച്ചു കളഞ്ഞത് സിനിമയിലൂടെ വീണ്ടും അവതരിപ്പിക്കപ്പെട്ടപ്പോൾ ഒരു നീറലോടെയാണ് കണ്ടത്. അന്നത്തെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട ആദിവാസിയായ ജോഗിയുടെ മകൾ സീതക്ക് 2006 ൽ എൽഡിഎഫ് സർക്കാർ റവന്യൂ വകുപ്പിൽ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നൽകുകയും ഉണ്ടായി. ഇപ്പോൾ മുത്തങ്ങ സമരത്തിന്റെ പൂർണ്ണ വിജയം എന്ന് നമുക്ക് അവകാശപ്പെടാം. എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം ഇടതു സർക്കാർ നിറവേറ്റിയിരിക്കുന്നു. ഇത് ഇച്ഛാശക്തിയുടെ, ദൃഢനിശ്ചയത്തിന്റെ പരിണിത ഫലം. മന്ത്രി കെ. രാജൻ എഴുതി.
അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ടോവിനോ നായകനായെത്തിയ ചിത്രമാണ് ‘നരിവേട്ട’. സുരാജ് വെഞ്ഞാറമൂട്, തമിഴ് നടൻ ചേരൻ എന്നിവർ ചിത്രത്തിൽ പ്രാധാനപെട്ട കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. ചേരന്റെ ആദ്യത്തെ മലയാളം സിനിമ കൂടിയാണിത്. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവയ്ക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.