നമ്മള്‍ ഒന്നിക്കാതെ പോയതിന്റെ ഉത്തരമാണ് തരുണിന്റെ സിനിമ

','

' ); } ?>

ഓപ്പറേഷന്‍ ഝാവ എന്ന സിനിമയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. തനിയ്ക്ക് നഷ്ടപ്പെട്ടുപോയ പ്രണയത്തെ കുറിച്ചുള്ള പോസ്റ്റാണ് വൈറലാകുന്നത്. തന്റെ സിനിമയ്ക്ക് ശേഷം നഷ്ടപ്പെട്ടുപോയ സൗഹൃദം തിരിച്ചെത്തിയെന്നും തരുണ്‍ കുറിയ്ക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.

23 വർഷങ്ങൾക്ക് മുൻപുള്ള കഥയാണ്, പരസ്പരം ആത്മാർത്ഥമായി പ്രണയിച്ച രണ്ട് ആളുകൾ, അതും ഒരു മതിൽക്കെട്ടിന് അപ്പുറവും ഇപ്പുറവും താമസിയ്ക്കുന്ന അയൽക്കാരായ രണ്ടുപേർ, അതു കൊണ്ടു തന്നെ പ്രണയിച്ച കാലത്തു തന്നെ വീട്ടുകാർ അവരുടെ കല്യാണം പരസ്പരം ഉറപ്പിച്ചിരുന്നു. പക്ഷെ ഉത്തരങ്ങളില്ലാതെ ചോദ്യങ്ങൾ മാത്രം അവശേഷിപ്പിച്ചു കൊണ്ട് ആ പ്രണയം ഒരു ദിവസം അവസാനിച്ചു. അയൽവക്കക്കാരായ ഇരു വീട്ടുകാരും പരസ്പരം മുഖത്ത് നോക്കാതെയായി. പെൺകുട്ടിയെ പെട്ടെന്ന് കല്യാണം കഴിപ്പിച്ചു പറഞ്ഞു അയച്ചു. എന്ത് കൊണ്ടാണ് താൻ ഒഴിവാക്കപ്പെട്ടത് എന്ന ഉത്തരമില്ലാത്ത ചോദ്യം ബാക്കിയാക്കി എല്ലാവരും നിശബ്ദരായപ്പോഴും ആ കാമുകൻ തന്റെ പ്രണയത്തിന്റെ ഉത്തരം തേടിക്കൊണ്ടേയിരുന്നു. കാലം അയാളെയും വിവാഹിതനാക്കി, രണ്ട് കുഞ്ഞുങ്ങളുടെ അച്ഛൻ ആക്കി. സന്തുഷ്ടനായ ഗൃഹനാഥാനക്കി. എങ്കിലും തന്നെ വേണ്ടെന്ന് വെച്ച അവളും അവളുടെ കുടുംബവും എന്നും അയാളിൽ ഒരു വേദനയായി അവശേഷിച്ചു.

ഇടയ്ക്ക് എവിടെയെങ്കിലുമൊക്കെ വെച്ച് കാണുമെങ്കിലും ഒന്നും മിണ്ടാതെ പരിചയ ഭാവം കാണിയ്ക്കാതെ അവൾ മുഖം തിരിക്കും,ഇടയ്ക്കിടയ്ക്ക് അയാൾ അവളെ ഫേസ്ബുക്കിൽ തിരയും. സന്തുഷ്ടയായി ഭർത്താവിനും കുട്ടികൾകുമൊപ്പം നില്കുന്ന അവളുടെ ചിത്രങ്ങൾ കണ്ട് അയാൾ നെടു വീർപ്പിടും. അങ്ങനെ ഉത്തരം കിട്ടാത്ത പ്രണയത്തിന്റെ നീണ്ട 23 വർഷങ്ങൾ കടന്നു പോയി. ഒരു ദിവസം അയാളുടെ ഫേസ്ബുക്കിൽ അവളുടെ ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. അയാളുടെ നെഞ്ചിൽ തീ ആയിരുന്നു. റിക്വസ്റ്റ് സ്വീകരിയ്ക്കണോ, വേണ്ടയോ എന്ന് അയാൾ 100 വട്ടം ആലോചിച്ചു. അങ്ങനെ കടുത്ത മാനസിക സംഘർഷത്തിനൊടുവിൽ അയാൾ അവളുടെ റിക്വസ്റ്റ് സ്വീകരിച്ചു. ഉടനെ അവളുടെ ഒരു മെസ്സേജ് അയാളെ തേടിയെത്തി 23 വർഷങ്ങൾക്കു ശേഷം വന്ന ആ സന്ദേശത്തിൽ ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളു. Hi നിങ്ങളും ഓപ്പറേഷൻ ജാവ ടീമുമായി എന്താണ് ബന്ധം. ചെറിയ അമ്പരപ്പോടെ അതിലേറെ ആകാംഷയോടെ അയാൾ അതിനു മറുപടി കുറിച്ചു. എന്റെ സുഹൃത്താണ് തരുൺ. അവന്റെ ആദ്യത്തെ സിനിമയാണ്. അവളുടെ മറുപടി കാത്തിരുന്ന അയാളുടെ മെസഞ്ചറിന്റെ നോട്ടിഫിക്കേഷൻ ശബ്ദം മുഴങ്ങി, അതിലുണ്ടായിരുന്ന മെസേജിൽ അയാൾ വർഷങ്ങളായി അന്വേഷിച്ചു നടന്ന ഉത്തരം അവൾ ഇങ്ങനെ കുറിച്ചു. വർഷങ്ങൾ മുൻപ് നമ്മൾ ഒന്നിക്കാതെ പോയതിന്റെ ഉത്തരമാണ് തരുണിന്റെ സിനിമ. അയാളോട് പറയണം. Thank you എന്ന്. കേട്ട പാതി കേൾക്കാതെ പാതി അയാൾ എന്നെ വിളിച്ചു. ഉത്തരം കിട്ടാത്ത 23 വർഷത്തെ ചോദ്യത്തിന് ഉത്തരം തന്നതിന് നന്ദി പറഞ്ഞു. പറഞ്ഞു തീർക്കാൻ ഒരുപാട് ഉണ്ടായിരുന്നവർ ഇപ്പോൾ എല്ലാം പരസ്പരം പറഞ്ഞു തീർക്കുകയാണ്, നഷ്ടപ്പെട്ട സൗഹൃദങ്ങൾ തിരിച്ചു പിടിയ്ക്കുകയാണ്, അകന്നു പോയ കുടുംബങ്ങളെ അടുപ്പിക്കുകയാണ്, അതേ ഞാൻ പോലും അറിയാതെ നമ്മുടെ സിനിമ സഞ്ചാരിക്കുകയാണ് നമ്മുടെ ചിന്തകൾക്കുമപ്പുറമുള്ള മറ്റൊരു ലോകത്തേയ്ക്ക്.