
താരാട്ടു പാട്ടുകള്‍ കോര്‍ത്തിണക്കി പുതിയ സംഗീതാനുഭവം നല്‍കുകയാണ് സംഗീതസംവിധായകന്‍ ബിജിബാല്‍. മലയാളത്തിലെ ഏറ്റവും മികച്ച അഞ്ചു പാട്ടുകള്‍ ചേര്‍ത്താണ് ബിജിബാല്‍ മെഡ്‌ലി ഒരുക്കിയത്. സൗമ്യ രാമകൃഷ്ണനും സംഗീത ശ്രീകാന്തും ബിജിബാലിന്റെ മകള്‍ ദയയും ആണ് പാട്ടുകള്‍ പാടിയത്. ബിജിബാലിന്റെ മൂത്ത മകന്‍ ദേവദത്ത് പിയാനോയില്‍ ഈണം പകര്‍ന്നു. അനുരാഗ് ആര്‍ നയന്‍ ആണ് പാട്ടിനു വേണ്ടി ഗിറ്റാറില്‍ സംഗീതം നല്‍കിയത്. ബിജിബാല്‍ പാട്ടിന്റെ എഡിറ്റിങ്ങും നന്ദു കര്‍ത്ത മാസ്റ്ററിങ്ങും നിര്‍വഹിച്ചു.
‘ഓലഞ്ഞാലി പൊന്നൂഞ്ഞാലീ…’ എന്ന പാട്ട് ദയ ബിജിബാല്‍ ആലപിക്കുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് ‘താമരക്കണ്ണനുറങ്ങേണം’ എന്ന ഗാനവുമായി സംഗീത ശ്രീകാന്ത് മെഡ്‌ലിയുടെ ഭാഗമാകുന്നു. മലയാളത്തിലെ എക്കാലത്തെയും നിത്യഹരിത ഗാനങ്ങളായ ‘മേലെ മേലെ മാനം’, ‘കണ്ണും പൂട്ടി’, ‘അന്നലൂഞ്ഞാല്‍…’ എന്നീ പാട്ടുകളും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
ബിജിബാലിന്റെ ഭാര്യ ശാന്തിയുടെ ജന്മ ദിനത്തോടനുബന്ധിച്ച് പ്രിയപ്പെട്ടവള്‍ക്കായാണ് ബിജിബാല്‍ ഈ സ്‌നേഹഗാനം ഒരുക്കിയത്. അകാലത്തില്‍ പൊലിഞ്ഞ ശാന്തിയുടെ ചിത്രങ്ങളും പാട്ടിന്റെ പശ്ചാത്തലത്തില്‍ കാണാം.