വേടനൊപ്പം പാട്ടും, ഫോട്ടോയും; വിമർശനങ്ങൾക്ക് മറുപടിയുമായി റാപ്പർ അറിവ്

','

' ); } ?>

ലൈംഗികാതിക്രമാരോപണങ്ങൾ നേരിടുന്ന റാപ്പർ വേടനുമൊത്ത് സഹകരിച്ചതിനെക്കുറിച്ച് പ്രതികരണവുമായി തമിഴ് റാപ്പർ അറിവ്. മാരി സെൽവരാജിന്റെ പുതിയ ചിത്രം ബൈസൺ കാലമാടനിയിലെ “റെക്ക റെക്ക” എന്ന ഗാനത്തിലാണ് അറിവും വേടനും ചേർന്ന് പാടിയത്. ഗാനവും വേടനുമൊത്ത് എടുത്ത ഫോട്ടോയും പുറത്ത് വന്നതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു.

“ഒരു വ്യക്തിപരമായ, കലാപരമായ നിമിഷത്തിലാണ് ഫോട്ടോ പങ്കുവെച്ചത്,” എന്നായിരുന്നു അറിവിന്റെ പ്രതികരണം. വേടനിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളുടെ സ്വരത്തെ ബഹുമാനിക്കുന്നതായും സത്യം നിയമപരമായ നടപടിക്രമങ്ങളിലൂടെ പുറത്തുവരുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബലാത്സംഗകേസുകൾ ഉൾപ്പെടെ നിരവധി ലൈംഗികാതിക്രമാരോപണങ്ങൾ നേരിടുന്ന വേടനെ സിനിമയുടെ ഭാഗമാക്കിയതിൽ സംവിധായകൻ മാരി സെൽവരാജിനെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. സമാനമായ ആരോപണങ്ങൾ നേരിടുന്ന വ്യക്തികളുമായി സഹകരിച്ച സിനിമാ മേഖലയിലുള്ള മറ്റു ചിലർക്കുമെതിരെയും പ്രതിഷേധം വ്യാപിച്ചു.

വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ നിരവധി സ്ത്രീകൾ ലൈംഗികാതിക്രമാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. യുവ ഡോക്ടറെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന കേസിൽ അദ്ദേഹം മുൻകൂർ ജാമ്യത്തിലാണ്. ഗവേഷ വിദ്യാർത്ഥിനികളുള്‍പ്പെടെ മറ്റൊരു വിഭാഗം യുവതികളും വേടനെതിരെ പരാതികൾ നൽകിയിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വച്ചതിന് വേടനെ ഈ വർഷം ആദ്യം അറസ്റ്റ് ചെയ്തിരുന്നു.