ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമയായ 800 ല്‍ നിന്നും വിജയ് സേതുപതി പിന്മാറി.ചിത്രത്തില്‍ മുരളീധരന്റെ വോഷത്തിലായിരുന്നു വിജയ് സേതുപതി അഭിനയിക്കേണ്ടിയിരുന്നത്. കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ വിജയ് സേതുപതിയോട് ചിത്രത്തില്‍നിന്ന് പിന്മാറണമെന്ന് മുരളീധരന്‍ അഭ്യര്‍ഥിച്ചിരുന്നു.
800 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിജയ് സേതുപതിയെ ബഹിഷ്‌കരിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ഹാഷ് ടാഗ് കാമ്പയിനുകള്‍ സജീവമായി. ഷെയിം ഓണ്‍ യൂ, ബോയ്‌കോട്ട് വിജയ് സേതുപതി തുടങ്ങിയ ഹാഷ് ഗാടുകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. വിജയ് സേതുപതി തമിഴ് ജനതയ്ക്ക് അപമാനമാണെന്നും തമിഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയില്‍ നിന്നുള്ള ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള സിനിമയില്‍ ഒരു തമിഴ്‌നാട്ടുകാരന്‍ വേഷമിടുന്നത് അപമാനമാണെന്നുമായിരുന്നു ആരോപണങ്ങള്‍.
സംഭവത്തില്‍ പ്രതികരണവുമായി മുത്തയ്യ മുരളീധരന്‍ രംഗത്തുവന്നിരുന്നു.ശ്രീലങ്കന്‍ തമിഴനായി ജനിച്ചത് എന്റെ തെറ്റാണോ?എന്റെ ജീവിതത്തെകുറിച്ച് അറിയാത്തവര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി എന്നെ തമിഴ് സമൂഹത്തിനെതിരേ പ്രവര്‍ത്തിക്കുന്ന വ്യക്തയായി മുദ്ര കുത്തുന്നു. അതെന്നെ വേദനിപ്പിക്കുന്നു. എന്റെ കാരണങ്ങള്‍ എന്റെ എതിരാളികളെ സമാധാനിപ്പിക്കില്ലെങ്കിലും മറുവശത്ത്, എന്നെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു- ഇതായിരുന്നു മുരളീധരന്റെ വാക്കുകള്‍.
എം എസ് ശ്രീപതി സംവിധാനത്തിലാണ് 800 ഒരുങ്ങാനിരുന്നത്.ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റ് വീഴത്തുന്ന ലോകത്തിലെ ആദ്യത്തെ ബൗളറാണ് മുത്തയ്യ മുരളീധരന്‍.അദ്ദേഹത്തിന്റെ ജിവിത സംഭവങ്ങളാണ് സിനിമയാക്കാന്‍ തീരുമാനിച്ചിരുന്നത്.