
എം.എൻ. കാരശ്ശേരി, സക്കറിയ ഉൾപ്പെടെയുള്ള 30 ഓളം പേർ പുലർത്തുന്നത് അടൂരിന്റെ അതേ മനോഭാവമാണെന്ന് രൂക്ഷമായി വിമർശിച്ച് ദളിത് ചിന്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ടി എസ് ശ്യാംകുമാര്‍. വനിതകൾക്കും പിന്നാക്ക വർഗക്കാർക്കും സംസ്ഥാന സര്‍ക്കാര്‍ നൽകിവരുന്ന ധനസഹായവുമായി ബന്ധപ്പെട്ട് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തെ അനുകൂലിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തിലാണ് പ്രതികരണം. പുറത്ത് പുരോഗമനവും അകത്ത് ജാതിമൂല്യബോധവുമായി നടക്കുന്ന ഇത്തരക്കാരെ തിരിച്ചറിയുക എന്നതാണ് പ്രയാസമെന്നും കേരളത്തിലെ സാംസ്കാരിക വരേണ്യരുടെ ഷർട്ടിനുള്ളിൽ ജാതിമൂല്യബോധത്തിന്റെ പഴകിയ പൂണൂലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ശ്യാംകുമാറിന്റെ പ്രതികരണം.
“വനിതകൾക്കും പിന്നോക്കക്കാർക്കും സിനിമക്കായി സർക്കാർ നൽകുന്ന പിന്തുണയിൽ എം.എൻ. കാരശ്ശേരി, സക്കറിയ പ്രഭൃതികൾ ഉൾപ്പെടെയുള്ളവർ പുലർത്തുന്നത് അടൂരിന്റെ അതേ മനോഭാവമാണെന്നാണ് ഇവരുൾപ്പെടെ മുപ്പതോളം പേർ ഒപ്പിട്ട കത്ത് തെളിയിക്കുന്നത്. കേന്ദ്രത്തിൽ നിന്നും ഇത്തരം ഫണ്ട് സവർണർക്ക് ലഭിക്കുമ്പോൾ ഇല്ലാത്ത ആകുലത കേരളത്തിലെ സ്ത്രീകൾക്കും ദളിതർക്കും നൽകുമ്പോൾ ഉണ്ടാവുന്നതിന്റെ കാരണം വ്യക്തമാണ്. യഥാർത്ഥത്തിൽ പുറത്ത് പുരോഗമനവും അകത്ത് ജാതിമൂല്യബോധവുമായി നടക്കുന്ന ഇത്തരക്കാരെ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രയാസം. കേരളത്തിലെ സാംസ്കാരിക വരേണ്യരുടെ ഷർട്ടിനുള്ളിൽ ജാതിമൂല്യബോധത്തിന്റെ പഴകിയ പൂണൂലാണുള്ളത്.” ഡോ. ടി എസ് ശ്യാംകുമാര്‍ കുറിച്ചു
പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നും സ്ത്രീകളായതു കൊണ്ടു മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നായിരുന്നു അടൂരിന്റെ പരാമർശം. കൂടാതെ പലരും ചെയ്ത സിനിമകൾ നിലവാരമില്ലാത്തതെണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ചലച്ചിത്ര വികസന കോർപറേഷൻ വെറുതേ പണം നൽകരുത്. ഒന്നരകോടി രൂപ എന്ന് പറയുന്നത് ചെറിയ സംഖ്യ അല്ല. അത് അഴിമതിക്ക് കാരണമാകും എന്നും അടൂർ കൂട്ടിച്ചേർക്കുകയുണ്ടായി. കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാമർശം.
ഇതിൽ പ്രതിഷേധിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. എന്നാൽ പ്രമുഖരുള്‍പ്പെടെ നിരവധിപേര്‍ അടൂരിനെ അനുകൂലിച്ചും രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ അടൂരിന്റെ വാദത്തിന് പിന്തുണ നൽകി മുഖ്യമന്ത്രിക്ക് എം എൻ കാരശ്ശേരി, പോൾ സക്കറിയ എന്നിവർ അടങ്ങുന്ന 30 ഓളം പേർ നൽകിയ പരാതിയിൽ പ്രതിഷേധിച്ചാണ് ടി എസ് ശ്യാംകുമാർ രംഗത്തെത്തിയിരിക്കുന്നത്. സംവിധായിക ശ്രുതി ശരണ്യവും വിഷയത്തോട് വിയോജിപ്പ് അറിയിച്ച് മുൻപ് രംഗത്തെത്തിയിരുന്നു.