“മാർട്ടിന്റെ വീഡിയോ ദിലീപിന് വേണ്ടിയുണ്ടാക്കിയ കഥ, കേസിലെ സുപ്രധാന തെളിവായ മെമ്മറിക്കാര്‍ഡ് സുനി വിറ്റിരിക്കാം”; ടി ബി മിനി

','

' ); } ?>

അതിജീവിതയുടെ പേരടക്കം വെളിപ്പെടുത്തുന്ന മാർട്ടിന്റെ വീഡിയോക്കെതിരെ പ്രതികരിച്ച് അതിജീവിതയുടെ അഭിഭാഷക ടിബി മിനി. ദിലീപിന് വേണ്ടിയുണ്ടാക്കിയ കഥയാണിതെന്നും, ലാലിന്റെ മകനെ കുടുക്കാന്‍ വേണ്ടിയാണെന്നും ടി ബി മിനി പറഞ്ഞു. കൂടാതെ ദിലീപിനിതിൽ പങ്കുണ്ടെന്ന് താനിപ്പോഴും വിശ്വസിക്കുന്നുണ്ടെന്നും, കേസിലെ സുപ്രധാന തെളിവായ മെമ്മറിക്കാര്‍ഡ് സുനി വിറ്റിരിക്കാം എന്നും ടി ബി മിനി കൂട്ടിച്ചേർത്തു. സമകാലിക മലയാളത്തിന്‍റെ മലയാളം ഡയലോഗ്സിലാണ് ടിബി മിനിയുടെ പ്രതികരണം

”ലാലിന്റെ സ്റ്റുഡിയോയുടെ പങ്കാളി ആരെന്ന് അറിയുമോ? സുനിയും മാര്‍ട്ടിനും ലാല്‍ ക്രിയേഷന്‍സിന്റെ ഡ്രൈവര്‍മാരാണ് എന്നല്ലേ നിങ്ങള്‍ക്കറിയൂ. അതിലെ പങ്കാളി ആരെന്ന് അറിയുമോ? അത് ദിലീപാണ്. അവരെ അപ്പോയന്റ് ചെയ്തത് ആരായിരിക്കും? ഇതൊന്നും കോടതിയ്ക്ക് വിഷയമല്ല. അന്വേഷിച്ചിട്ടുമില്ല. ഇവരുണ്ടാക്കിയ കഥ ദിലീപിന് വേണ്ടി ഉണ്ടാക്കിയതാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്. ലാലിന്റെ മകനെ കുടുക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണ്. അങ്ങനെയുള്ള കേസൊന്നും നില്‍ക്കില്ല. അതേസമയം, സുനിയുടെ കുറ്റസമ്മതമുണ്ട്. കുറ്റസമ്മതം തെളിവായിട്ട് എടുക്കാനാകില്ല. പക്ഷെ ഒരു ഘട്ടത്തില്‍ കോടതിയ്ക്ക് വേണമെങ്കില്‍ കേള്‍ക്കാം. ദിലീപിന്റെ കണ്‍ഫെഷനുമുണ്ട്. അത് കേട്ടാലും കോടതിയ്ക്ക് മനസിലാകും ആരാണ് ഇത് ചെയ്തതെന്ന്. മുകളിലെ കോടതിയൊക്കെ ഇത് ചെയ്യും.” ടി ബി മിനി പറഞ്ഞു.

”ഇപ്പോഴും പറയുന്നു ദിലീപിന് ഇതില്‍ പങ്കുണ്ട്. ഞാന്‍ ഈ കേസില്‍ അസിസ്റ്റ് ചെയ്തതാണ്. എല്ലാ കാര്യങ്ങളും പ്രോസിക്ക്യൂട്ടറാണ് തീരുമാനിച്ചത്. പക്ഷെ എനിക്കൊരു സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്റെ അഭിപ്രായങ്ങളും സംശയങ്ങളും പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ദിവസവും വീട്ടിലെത്തുന്നത് രാത്രി രണ്ട് മണിക്കാണ്. പൊലീസുകാരാണ് എന്നെ വീട്ടിലാക്കി തരുന്നത്” എന്നും അവര്‍ പറയുന്നു. കേസിലെ സുപ്രധാന തെളിവായ മെമ്മറിക്കാര്‍ഡ് സുനി വിറ്റിരിക്കാം. പള്‍സര്‍ സുനിയുടെ രണ്ടാമത്തെ കത്തില്‍ ഈ ലോകത്ത് എത്ര പേരുടെ ഇത്തരത്തിലുള്ള വിഡിയോ നിങ്ങള്‍ വിറ്റ് കാശാക്കിയിട്ടുണ്ട് എന്ന് എനിക്കറിയാം എന്ന് പറയുന്നുണ്ട്. പള്‍സര്‍ സുനിയ്ക്ക് അറിയാം ഇത് വിറ്റ് കാശാക്കാമെന്ന്. ആ അഭിമുഖം ലോകം മുഴുവന്‍ കണ്ടതാണ്. തീര്‍ച്ചയായും കോടതിയും കണ്ടിട്ടുണ്ടാകും. പള്‍സര്‍ സുനിയുടെ കയ്യില്‍ അങ്ങനൊന്ന് ഉണ്ടെങ്കില്‍ അത് പിടിച്ചെടുക്കണം.” ടി ബി മിനി കൂട്ടിച്ചേർത്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിന് പിന്നാലെ കേസിലെ പ്രതി മാര്‍ട്ടിന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടൊരു വിഡിയോ വലിയ വിവാദമായിരുന്നു. അതിജീവിതയുടെ പേരെടുത്ത് പറഞ്ഞായിരുന്നു മാര്‍ട്ടിന്റെ വിഡിയോ. ഇതില്‍ പൊലീസ് നടപടിയെടുക്കുകയും ചെയ്തു. അതേസമയം കേസില്‍ ദിലീപിനെ സംവിധായകന്‍ ലാലും മകന്‍ ജീന്‍പോള്‍ ലാലും ചേര്‍ന്ന് കുടുക്കിയതാണ് എന്നൊരു കഥ ഈ വിഡിയോയ്ക്ക് പിന്നാലെ പ്രചരിക്കപ്പെട്ടു. വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം മൂന്നു പേരെ അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

അതേ സമയം കേസിൽ അപ്പീൽ നൽകാൻ സർക്കാകർ അനുമതി നൽകിയിരിക്കുകയാണ്. ക്രിസ്‌മസ്‌ അവധിക്കുശേഷം ഹൈക്കോടതി തുറക്കുമ്പോൾ അപ്പീൽ നൽകും. ഈ മാസം 12-ാം തീയതി വന്ന കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്.

കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.

2017 ഫെബ്രുവരി 17-നാണ് കേസിനാസ്‌പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.