ഇളയരാജയുടെ ഹർജി സുപ്രീം കോടതി തള്ളി: പകർപ്പവകാശ തർക്കക്കേസ് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റില്ല

','

' ); } ?>

സംഗീതസംവിധായകൻ ഇളയരാജയുടെ പകർപ്പവകാശ തർക്കക്കേസ് ബോംബെ ഹൈക്കോടതിയിൽ നിന്ന് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

536 സംഗീതസൃഷ്ടികളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ തുടരുന്ന കേസിനാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഇളയരാജയ്‌ക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ ഗോപാൽ ശങ്കരനാരായണൻ ഹാജരായെങ്കിലും കേസ് മാറ്റാനുള്ള വാദങ്ങൾ കോടതി അംഗീകരിച്ചില്ല.

മദ്രാസ് ഹൈക്കോടതിയിൽ സമാനമായ കേസ് നിലവിലില്ലാത്ത സാഹചര്യത്തിലാണ് ബോംബെ ഹൈക്കോടതിയിൽ 2022-ൽ സോണി മ്യൂസിക് എന്റർടെയിൻമെൻ്റ് ഇന്ത്യ കേസ് ഫയൽ ചെയ്തതെന്ന് കമ്പനിയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇളയരാജ മ്യൂസിക് എൻ മാനേജ്‌മെൻ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവർത്തനങ്ങളിൽ നിന്ന് തർക്കത്തിലുള്ള സംഗീതസൃഷ്ടികൾ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സോണിയുടെ കേസ്.

തർക്കത്തിലുള്ള 536 സംഗീതസൃഷ്ടികളിൽ 310 എണ്ണം മദ്രാസ് ഹൈക്കോടതിയിൽ പരിഗണനയിലായിരുന്ന കേസുമായി ബന്ധപ്പെട്ടവയാണെന്ന് ഇളയരാജയുടെ കമ്പനിയായ ഇ.എം.എം.പി.എൽ വാദിക്കുന്നു. 2014-ൽ ഇളയരാജ എക്കോ റെക്കോർഡിംഗിനെതിരെ സമർപ്പിച്ച കേസിലാണ് 2019-ൽ വിധി വന്നത്. സംഗീതസംവിധായകനായ ഇളയരാജയുടെ സൃഷ്ടികളിലേക്കുള്ള ധാർമ്മികാവകാശം കോടതിയിൽ അംഗീകരിച്ചിരുന്നു.

ഓറിയൻ്റൽ റെക്കോർഡ്‌സ്, എക്കോ റെക്കോർഡിംഗ് എന്നിവയിൽ നിന്നാണ് തർക്കത്തിലുള്ള സംഗീതാവകാശങ്ങൾ കൈമാറിയതെന്നാണ് സോണി മ്യൂസിക് ഇൻഡ്യയുടെ നിലപാട്. 1,500-ലധികം സിനിമകൾക്കായി 7,500-ലധികം ഗാനങ്ങൾ രചിച്ചിട്ടുള്ള ഇന്ത്യയിലെ മുൻനിര സംഗീതസംവിധായകരിൽ ഒരാളാണ് ഇളയരാജ.