
വിജയ് ചിത്രം ജനനായകന്റെ റിലീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കാതെ സുപ്രീം കോടതി.
വ്യാഴാഴ്ച പരിഗണിക്കുമെന്ന് പറഞ്ഞ ഹർജി മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കളോട് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതോടെ ചിത്രത്തിൻ്റെ റിലീസ് ഇനിയും വൈകും. ജനുവരി 20-ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഹർജി പരിഗണികാനിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഹർജി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്.
ജസ്റ്റിസ് പി.ടി. ആശയുടെ നേതൃത്വത്തിലുള്ള സിംഗിൾ ബെഞ്ച് ജനുവരി ഒമ്പതിന് ജനനായകൻ യു/എ റിലീസ് ചെയ്യാൻ അനുമതി നൽകിയിരുന്നു.
ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർബോർഡ് ചെയർമാൻ്റെ തീരുമാനവും സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാൽ സെൻസർ ബോർഡിൻ്റെ അപ്പീലിൽ അന്ന് വൈകീട്ട് തന്നെ ചിത്രത്തിൻ്റെ റീലീസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തടയുകയായിരുന്നു. പിന്നാലെയാണ് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.
വിജയ്യുടെ ജനനായകനെ പിന്തുണച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം തൻ്റെ പിന്തുണ അറിയിച്ചത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. എച്ച്. വിനോദ് സംവിധാനംചെയ്ത ചിത്രത്തിൽ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിതാ ബൈജു എന്നിവരാണ് മറ്റു താരങ്ങൾ.