സൗബിൻ ഷാഹിറിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി

','

' ); } ?>

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ സൗബിൻ ഷാഹിറിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രതികൾക്ക് ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പരാതിക്കാരൻ സിറാജ് വലിയ തുറയുടെ ഹർജി. സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെ എന്നായിരുന്നു സിറാജിന്റെ പരാതി.

ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ നടത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പ് ആയിരുന്നുവെന്നാണ് പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുൻപുതന്നെ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞിരുന്നു. കേസ് തള്ളണം എന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ “പരാതിക്കാരന് പണം മുഴുവൻ താൻ നൽകിയെന്നും എന്നാൽ ചിത്രത്തിന്റെ ലാഭ വിഹിതം മാത്രമാണ് നൽകാൻ ഉള്ളതെന്നും” നടൻ സൗബിൻ ഷാഹിർ മൊഴി നൽകിയിരുന്നു. കൂടാതെ ലാഭം വിഹിതം നൽകാൻ താൻ പണം കണ്ടു വെച്ചിട്ടുണ്ടെന്നും അത് നൽകാൻ ഇരിക്കെ ആണ് പരാതി  നൽകിയതെന്നും സൗബിൻ പ്രതികരിച്ചിരുന്നു.

പ്രതികൾക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഇവരുടെ മുൻകൂർ ജാമ്യം കോടതി തള്ളിയെങ്കിലും രണ്ടാമത്തെ തവണ നിബന്ധനകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികൾ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ വിളിക്കുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിബന്ധനയോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇരുന്നൂറ്‌ കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയ ബോക്സോഫീസ് കളക്ഷൻ. 2024ൽ ഇറങ്ങിയ ചിത്രം കേരളത്തിനകത്തും പുറത്തും വലിയ സ്വീകാര്യത നേടിയിരുന്നു.