ക്വീന്‍, ശാന്ദാര് എന്നീ സിനിമകള്‍ക്ക് ശേഷം വികാസ് ബഹല്‍ സംവിധാനം ചെയ്യുന്ന ഹൃത്വിക് റോഷന് ചിത്രം സൂപ്പര്‍ 30 തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ബീഹാര്‍ സ്വദേശിയായ ആനന്ദ് കുമാര്‍ എന്ന മാത്തമാറ്റീഷ്യന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ സിനിമ നിര്‍മ്മിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത്പോലെ പാവപ്പെട്ട 30 കുട്ടികളെ ഐഐടിവരെ എത്തിക്കുന്ന ആനന്ദ്കുമാര്‍ എന്ന ഗണിത അധ്യാപകന്റെ പ്രയത്നമാണ് ഈ സിനിമ പറയുന്നത്.
ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമയെങ്കിലും സിനിമയ്ക്ക് വേണ്ട മാറ്റങ്ങള്‍ ഡയറക്ടര്‍ കഥയില്‍ വരുത്തിയിട്ടുണ്ട്. ചിത്രത്തിലെ കാസ്റ്റിംഗ് വളരെ മികവുറ്റതാണെങ്കിലും സംവിധായകന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് സംവിധാനത്തില്‍ ചില പോരായ്മകള്‍ തെളിഞ്ഞുകാണുന്നുണ്ട്. അനയ് ഗോസ്വാമിയുടെ ഛായഗ്രഹണവും ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗും സിനിമയുടെ ദൃശ്യഭംഗിയെ മികവുറ്റതാക്കി. എന്നാല്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷനെ ആനന്ദ് കുമാര്‍ ആക്കുന്നതില്‍ മേക്കപ്പ്മാന് പൂര്‍ണ്ണമായും വിജയിച്ചില്ല. ചിത്രത്തിലെ ഗാനങ്ങള്‍ ഇമ്പമേറിയതാണെങ്കിലും പശ്ചാത്തല സംഗീതം സിനിമാ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. നായകന് ഒരു സൂപ്പര്‍ഹീറോ പരിവേഷം നല്കുന്ന രീതിയിലാണ്.
ഭോജ്പുരി ഭാഷ സംസാരിക്കുന്നതില്‍ ചെറിയ പോരായ്മകള്‍ മാറ്റിനിര്‍ത്തിയാല്‍ ഏത് വേഷവും തന്നില്‍ ഭദ്രമാണെന്ന് ഹൃത്വിക് റോഷന് ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. നായികയ്ക്ക് അത്ര പ്രാധാന്യം ഇല്ലാത്ത ചിത്രമാണെങ്കില്കൂടി ആനന്ദ് കുമാറിന്റെ പ്രണയിനിയായി വന്ന മൃണാള്‍ താക്കൂര്‍ തന്റെ കഥാപാത്രത്തെ മികച്ചതാക്കി. ചിത്രത്തിലെ പല രംഗങ്ങളും സാധാരണക്കാരന്റെ ജീവിതവുമായി അടുത്തുനില്‍ക്കുന്നതാണ്.
കാശുള്ളവരുടെ കുട്ടികള്‍ക്ക് മാത്രമല്ല സാധാരണക്കാരന്റെ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം നേടാനുള്ള അവകാശം ഉണ്ടെന്ന് ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കൂടാതെ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന അഴിമതികള്‍ക്കെതിരെ നമ്മള് ഉണരേണ്ടതുണ്ടെന്ന് കൂടി ചിത്രം പറഞ്ഞുവെക്കുന്നു. 2 മണിക്കൂര്‍ 25 മിനുറ്റ് ഉള്ള ചിത്രം ഒരു സിനിമ എന്നതിലുപരി കാണികളുടെ മനസ്സില്‍ പുതിയ ചിന്തകള്‍ ഉണര്‍ത്തുന്നുണ്ട്.