കുഞ്ചോക്ക ബോബനെ കുറിച്ചുള്ള മിമിക്രി താരം സുനിൽരാജിന്റെ വെളിപ്പെടുത്തൽ തള്ളി നിർമാതാവായ അജിത് തലപ്പിള്ളി. സുനിൽ രാജ് പ്രവർത്തിച്ചത് ‘സജഷൻ സീനുകളിൽ’ മാത്രമാണെന്നും ഒരു സീനിൽ പോലും ചാക്കോച്ചന് പകരക്കാരനായില്ലെന്നും അജിത്ത് ഉറപ്പിച്ച് പറഞ്ഞു. കൂടാതെ ഒരു നടനോടും അണിയറപ്രവർത്തകരോടും ചെയ്യുന്ന അനീതിയാണിതെന്നും, വസ്തുത വ്യക്തമാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അജിത്ത് കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു താരം.
“ഞാൻ നിർമിച്ച ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയിൽ നടൻ കുഞ്ചാക്കോ ബോബന് പകരം സുനിൽ ആണ് അഭിനയിച്ചത് എന്നാണ് മാധ്യമങ്ങൾ വാർത്തയാക്കിയിരിക്കുന്നത്. സിനിമയുടെ നിർമാതാവ് എന്ന നിലയിൽ ഈ വാസ്തവവിരുദ്ധമായ കാര്യം എനിക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. സുനിൽ രാജ് എന്ന വ്യക്തി ഞങ്ങളുടെ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നുള്ളത് ശരി തന്നെ പക്ഷേ അത് ചാക്കോച്ചന് പകരമല്ല മറിച്ച് എല്ലാ സിനിമകളിലും പ്രധാന താരത്തിന് ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് പോലെ ചാക്കോച്ചന് വേണ്ടി പ്രവർത്തിച്ച ഡ്യൂപ്പ് ആണ് ഇദ്ദേഹം. ചാക്കോച്ചൻ ഞങ്ങൾക്ക് 7 ദിവസത്തെ ഡേറ്റ് തന്നിരുന്നു ആ ഏഴു ദിവസവും അദ്ദേഹം വന്നു അഭിനയിച്ചിരുന്നു. സീനുകൾ എല്ലാം ചാക്കോച്ചൻ തന്നെയാണ് ചെയ്തത്.” അജിത് തലപ്പിള്ളി പറഞ്ഞു.
“സുനിൽ രാജ് പ്രവർത്തിച്ചത് സജഷൻ സീനുകളിൽ ചാക്കോച്ചൻ അവിടെ ഇരിക്കുന്നതുപോലെ തോന്നിക്കുന്ന സീനുകളിൽ മാത്രമാണ്. സജഷനിൽ ധരിച്ച കോസ്റ്റ്യൂമിലെ ചിത്രങ്ങളാണ് സുനിൽ പോസ്റ്റിനൊപ്പം പങ്കുവച്ചത്. അദ്ദേഹത്തിന് അതിനുള്ള വേതനം നൽകുകയും ചെയ്തു. അല്ലാതെ ഒരു സീനിൽ പോലും ചാക്കോച്ചന് പകരം സുനിൽ രാജ് അഭിനയിച്ചിട്ടില്ല. സുനിൽ രാജ് വാസ്തവവിരുദ്ധമായ ഈ പോസ്റ്റ് ഇട്ടതിന്റെ കാരണം എനിക്ക് മനസ്സിലാകുന്നില്ല. ചാക്കോച്ചനായി അഭിനയിച്ചത് ഞാൻ ആണെന്നു പറഞ്ഞ് ഒരാൾ വന്നാൽ അത് ചാക്കോച്ചനെ കളിയാക്കുന്നതുപോലെ അല്ലേ. ഇദ്ദേഹം പറയുന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. ഇത് ഈ സിനിമയുടെ അണിയറ പ്രവർത്തകരോടും ചാക്കോച്ചനോടും ചെയ്യുന്ന തെറ്റാണ്. നിർമാതാവ് എന്ന നിലയിൽ ഇത് വ്യക്തമാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അല്ലെങ്കിൽ ഞങ്ങൾക്ക് സാമ്പത്തികമായി സഹായകമാകുന്ന രീതിയിൽ പോലും പ്രവർത്തിച്ച കുഞ്ചാക്കോ ബോബൻ എന്ന നടനോട് ചെയ്യുന്ന അനീതിയാകും അത്.’’ അജിത് തലപ്പിള്ളി പറഞ്ഞു.” അജിത് തലപ്പിള്ളി കൂട്ടിച്ചേർത്തു.
‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ സിനിമയുടെ നിർമാതാവാണ് അജിത് തലപ്പിള്ളി. സംഭവം വിവാദമായതോടെ സുനിൽ രാജ് സമൂഹമാധ്യമങ്ങളിൽ നിന്നും തന്റെ പോസ്റ്റ് പിൻവലിക്കുകയും വിശദീകരണ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിൽ കുഞ്ചാക്കോ ബോബൻ്റെ ഡ്യൂപ്പ് ആയി ചില സീനുകളിൽ താൻ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് സുനിൽരാജ് വെളിപ്പെടുത്തിയിരുന്നു. സെറ്റിൽ ചാക്കോച്ചൻ്റെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു സുനിലിന്റെ വെളിപ്പെടുത്തൽ. പോസ്റ്റ് വൈറലായതോടെ ചാക്കോച്ചൻ ഈ സിനിമയിലേ അഭിനയിച്ചിരുന്നില്ലെന്ന തരത്തിൽ വാർത്തകൾ സജീവമാണ്.