“മുന്തിരി പുളിക്കും, സുദീപ്‌തോയുടെ നിരീക്ഷണം വെറും ചവറ്”; വിപുൽ അമൃത്‌ലാൽ ഷാ

','

' ); } ?>

‘ദ കേരള സ്റ്റോറി ആദ്യ ഭാഗത്തിന്റെ സംവിധായകൻ സുദീപ്‌തോ സെന്നിന് കടുത്ത ഭാഷയിൽ മറുപടി നൽകി നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ. രണ്ടാം ഭാഗം വാട്‌സ്ആപ്പ് ഫോർവേഡുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന ‘കേരള സ്റ്റോറി’ സംവിധായകന്റെ ആരോപണത്തോടാണ് ഷാ പ്രതികരിച്ചത്. ചിത്രത്തിനായി തങ്ങൾ നടത്തിയ ഗവേഷണത്തെക്കുറിച്ച് സുദീപ്തോ സെന്നിന് യാതൊരു അറിവുമില്ലെന്നും, അതിനാൽ ഇത്തരം അഭിപ്രായങ്ങൾ പറയാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും ഷാ പറഞ്ഞു. സെന്നിന്റെ പ്രസ്താവനകളെ ‘മുന്തിരി പുളിക്കും’ എന്ന പ്രയോഗത്തോടാണ് ഷാ ഉപമിച്ചത്. താൻ സാധാരണ ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാറില്ലെന്നും എന്നാൽ സിനിമയെ ആക്രമിക്കുമ്പോൾ മറുപടി നൽകാൻ നിർബന്ധിതനാകുകയാണെന്നും നിർമാതാവ് കൂട്ടിച്ചേർത്തു.

“സുദീപ്‌തോ സെൻ ‘കേരള സ്റ്റോറി 2’വിനായി ഒരു തിരക്കഥ എഴുതിയിരുന്നു. എന്നാൽ അത് ‘വെറും ചവറായിരുന്നു’. അതുകൊണ്ടാണ് സെന്നിനെ മാറ്റിയത്. ചിത്രത്തിനായി ഞങ്ങൾ നടത്തിയ ഗവേഷണത്തെക്കുറിച്ച് സുദീപ്തോ സെന്നിന് യാതൊരു അറിവുമില്ല. സെൻ ഗവേഷണ പ്രക്രിയയുടെ ഭാഗമായിരുന്നില്ല. അത് കൊണ്ട് ഇത്തരം അഭിപ്രായങ്ങൾ പറയാൻ അദ്ദേഹത്തിന് അവകാശമില്ല.” വിപുൽ അമൃത്‌ലാൽ ഷാ പറഞ്ഞു.

അതേസമയം, ‘കേരള സ്റ്റോറി 2’ ബോക്സ്‌ ഓഫീസിൽ തകർന്നടിയുകയാണ്. റിലീസ് ചെയ്ത് അഞ്ചു ദിവസം കഴിയുമ്പോൾ സിനിമയ്ക്ക് ഇന്ത്യയിൽ നിന്ന് ആകെ ലഭിച്ച കളക്ഷൻ 19 കോടി രൂപ മാത്രമാണ്. ഇന്ത്യയിൽ ഉടനീളം 3,019 ഷോകളാണ് കഴിഞ്ഞ അഞ്ചു ദിവസം നടന്നത്. ഇതിൽ 13.16 ശതമാനം മാത്രമാണ്‌ തിയേറ്റർ ഒക്യുപൻസി. കാണാൻ ആളില്ലാത്തതിനാൽ പലയിടങ്ങളിലും ഷോകളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുമുണ്ട്. ചൊവ്വാഴ്ച മാത്രം 335 ഷോകളാണ് റദ്ദ് ചെയ്തത്.