അന്യന്റെ ഹിന്ദി റീമേക്കിനെതിരെ നിയമ നടപടിക്കൊരുങ്ങുമെന്ന മുന്നറിയിപ്പുമായി അന്യന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് അസ്‌കര്‍ വി രവിചന്ദ്രന്‍. സിനിമയുടെ പകര്‍പ്പവകാശം ഇപ്പോഴും ആര്‍ക്കും വിറ്റിട്ടില്ലെന്നും സംവിധായകന്‍ ശങ്കറിന് അയച്ച കത്തില്‍ അദ്ദേഹം പറയുന്നു. തന്റെ അനുവാദം കൂടാതെ റീമേക്കിന് ഒരുങ്ങിയത് തരംതാണ പ്രവര്‍ത്തിയാണെന്നും സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നും കത്തിലൂടെ രവിചന്ദ്രന്‍ ആവശ്യപ്പെട്ടു.
രവിചന്ദ്രന്‍ ശങ്കറിന് അയച്ച കത്തിലെ പ്രസ്താവന
നിങ്ങള്‍ അന്യന്‍ സിനിമയുടെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്ന വിവരം എന്നെ ഞെട്ടിച്ചിരിക്കുകയാണ്. സുജാതയില്‍ നിന്നും ഞാനാണ് സിനിമയുടെ കഥ വാങ്ങിച്ചത്. അതിന്റെ എല്ലാ രേഖകളും എന്റെ കയ്യില്‍ ഉണ്ട്. അതിനാല്‍ സിനിമയ്ക്ക് മേലുള്ള എല്ലാവിധ അവകാശങ്ങളും എനിക്കാണ്. എന്റെ അനുവാദമില്ലാതെ, അന്യന്‍ സിനിമയുടെ പ്രധാന പ്ലോട്ട് പുനര്‍നിര്‍മ്മിക്കുകയോ പകര്‍ത്തുകയോ ചെയ്യുന്നത് തികച്ചും നിയമവിരുദ്ധമാണ്.
ഈ അവസരത്തില്‍ നിങ്ങളെ ഒരു പ്രത്യേക കാര്യം വീണ്ടും ഓര്‍മ്മിക്കുന്നു. ബോയ്‌സ് എന്ന സിനിമയുടെ പരാജയത്തിന് ശേഷം മോശം പ്രതിച്ഛായ വന്നതില്‍ നിങ്ങള്‍ ഏറെ സമ്മര്‍ദ്ദത്തിലായിരുന്നു. അപ്പോഴും അന്യന്‍ സംവിധാനം ചെയ്യാനുള്ള അവസരം ഞാനാണ് നിങ്ങള്‍ക്ക് നല്‍കിയത്. അന്യന്‍ വിജയിച്ചതിലൂടെ നിങ്ങള്‍ക്ക് വീണ്ടും നല്ലൊരു ഇമേജ് ഉണ്ടായി. അവിടെ എന്റെ പിന്തുണയും ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം മറക്കുകയും പകരം എന്റെ സിനിമ അനുവാദം കൂടാതെ റീമേക്ക് ചെയ്യാനും ഒരുങ്ങുന്നു. നിങ്ങള്‍ മൂല്യബോധമുള്ള വ്യക്തിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്തരം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ എങ്ങനെ ഇത്തരത്തില്‍ തരം താഴുവാന്‍ സാധിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കണം. ഈ കത്തിന് പിന്നാലെ ഒരു വക്കീല്‍ നോട്ടീസും എത്തുന്നതായിരിക്കും