ജില്ലയില്‍ ബുധനാഴ്ച പ്രദര്‍ശനം പുനരാരംഭിച്ച തിയേറ്ററുകളില്‍ കാണികളുടെ തണുപ്പന്‍ പ്രതികരണത്തില്‍ തിയേറ്റര്‍ ഉടമകള്‍ ആകെ നിരാശയിലാണ്. വളരെ കുറഞ്ഞ
പ്രേക്ഷകരുമായാണ് മിക്ക തിയേറ്ററുകളും പ്രദര്‍ശനം നടത്തിയത്. പേരാവൂര്‍ ‘ഓറ സിനിമാസി’ലെ ആദ്യ മൂന്ന് പ്രദര്‍ശനവും കാണികളാരും എത്താഞ്ഞതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ആറിനുള്ള പ്രദര്‍ശനം നടന്നുവെങ്കിലും കാഴ്ചക്കാര്‍ നന്നേ കുറവായിരുന്നു. എത്തിയവരെല്ലാം യുവാക്കളാണ്. കുടുംബപ്രേക്ഷകരാരും സിനിമ കാണാനെത്തിയില്ല എന്നതും തിയേറ്ററുകാരെ വലച്ചു. വിദേശ സിനിമകളായ ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’, വെനം എന്നിവയാണ് ഇവിടെ റിലീസ് ചെയ്തിരുന്നത്.
അതേ സമയം മലയാള സിനിമകളെത്തുന്നതോടെ കൂടുതല്‍ പേരെ തിയേറ്ററിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തിയേറ്റര്‍ ഉടമകള്‍. ആലക്കോട് ഫിലിം സിറ്റിയിലെ സൂര്യ, ചന്ദ്ര, നക്ഷത്ര എന്നീ മൂന്ന് തിയേറ്ററുകളിലും സമാനമായ സ്ഥിതിയായിരുന്നു. മൂന്ന് തിയേറ്ററുകളിലെ ഒന്‍പത് ഷോകള്‍ക്കായി നൂറില്‍പരം പേരാണെത്തിയത്. ജോജു നായകനായി പൃഥ്വിരാജ് അതിഥിയായെത്തുന്ന ‘സ്റ്റാര്‍’ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്നതോടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിയിലാണ് തിയേറ്റര്‍ ഉടമകള്‍. ഡോമിന്‍ ഡി സിവയാണ് ചിത്രത്തിന്റെ സംവിധായകന്‍. ക്യാബിന്‍ എന്ന ജോയ്മാത്യു കൈലാഷ് ചിത്രവും നാളെ പ്രദര്‍ശനത്തിനെത്തുന്നുണ്ട്, പുലരി ബഷീറാണ് ചിത്രത്തിന്റെ സംവിധായകന്‍. മുന്‍പ് കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം നേരത്തേ തിയേറ്ററുകള്‍ തുറന്നപ്പോള്‍ കാണികള്‍ വന്‍ സ്വീകരണമായിരുന്നു നല്‍കിയത്. വിജയ്‌യുടെ ‘മാസ്റ്റര്‍’ പ്രദര്‍ശിപ്പിച്ചതിനാലാണ് അന്ന് അത്രയും കാഴ്ചക്കാരെത്തിയത്. നവംബര്‍ ആദ്യവാരത്തോടെ മലയാള സിനിമകളും ദീപാവലി ചിത്രങ്ങളും റിലീസ് ചെയ്യുന്നതോടെ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷ. പാതി സീറ്റുകളിലേക്ക് മാത്രമാണ് നിലവില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നിരുന്നാലും തിയേറ്ററിന്റെ പഴയ വസന്തകാലം തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.