കെട്ടുറപ്പില്ലാത്ത സ്റ്റാന്‍ഡ് അപ്പ്

','

' ); } ?>

പ്രണയത്തില്‍ പോലുമുള്ള അധികാര സ്ഥാപനം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം എന്നിങ്ങനെ ‘ഉയരെ’ എന്ന സിനിമ പറഞ്ഞ് നിര്‍ത്തിയ പ്രമേയ പരിസരത്തിന്റെ തുടര്‍ച്ചയാണ് സ്റ്റാന്‍ഡ് അപ്പ്. വര്‍ത്തമാനകാല ഇന്ത്യയിലെ മനം മടുപ്പിക്കുന്ന വാര്‍ത്താ അന്തരീക്ഷത്തോട് ചേര്‍ന്ന് നിന്ന് ഇരയുടെ അതിജീവനത്തിന്റെ കഥ കൂടെ പറയാനുള്ള ശ്രമമായിരുന്നു ചിത്രം മാന്‍ഹോള്‍ എന്ന ചിത്രത്തില്‍ നിന്നും വിധു വിന്‍സന്റ് സ്റ്റാന്‍ഡ് അപ്പിലെത്തി നില്‍ക്കുമ്പോള്‍ ഒരു സംവിധായിക എന്ന നിലയില്‍ ബഹുദൂരം മുന്നിലെത്തിയിട്ടുണ്ട് എന്ന് തന്നെ പറയാം.

വളരെ വിശദമായി ഉറപ്പില്ലാതെ ഒഴുകി പോകുന്ന അനുഭവമാണ് സ്റ്റാന്‍ഡ് അപ്പ് നല്‍കുന്നത്. തിരക്കഥയില്‍ പിരിമുറുക്കങ്ങളോ അല്ലെങ്കില്‍ വൈകാരിക തലങ്ങളോ, അതുമല്ലെങ്കില്‍ ഒരു ചെറിയ ട്വിസ്റ്റ് പോലും ഇല്ലാത്തതിനാല്‍ ചിത്രത്തിന് പ്രേക്ഷകനെ ആഴത്തില്‍ തൊടാനാവുന്നില്ല. ഉമേഷ് ഓമനക്കുട്ടനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അതേസമയം പീഡനത്തിനിരയാകുന്ന ഇര വീണ്ടും വീണ്ടും മാനസികമായും, ശാരീരികമായും പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാകേണ്ടി വരുന്ന നിസ്സഹായാവസ്ഥ വിധു മനോഹരമായി തന്നെ വരച്ചു കാട്ടിയിട്ടുണ്ട്.

ഗൗരവമുള്ള പ്രമേയമാണെങ്കില്‍ കൂടെ അത് അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകന് കാഴ്ച്ച എന്നത് ഒരു ബാധ്യതയാവാതിരിക്കാന്‍ മെയ്ക്കിംഗില്‍ ശ്രദ്ധിക്കാത്തത് തന്നെയാണ് പ്രധാന പോരായ്മ. ടോബിന്‍ തോമസ്സിന്റെ ഛായാഗ്രഹണം, കൂടാതെ പശ്ചാതല സംഗീതം, സംഗീതം, ഇവയെല്ലാം മികച്ചതായിരുന്നു. ഇരയുടെ വേദനയും, ഒറ്റപ്പെടലും, മാനസിക സംഘര്‍ഷവും അവതരിപ്പിച്ച രജിഷ വിജയനൊപ്പം, നിമിഷ സജയന്‍, അര്‍ജ്ജുന്‍ അശോക്, വെങ്കിടേഷ്, ജുനൈസ് എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. അതേസമയം കഥാപാത്രങ്ങളുടെ കാസ്റ്റിംഗില്‍ അല്‍പ്പം കൂടെ ജാഗ്രതയാവാമായിരുന്നു.

ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ ഇല്ലാതാവുക എന്ന വേദനയ്‌ക്കൊപ്പം, നിലവിലെ സാമൂഹികാന്തരീക്ഷം കൂടെ വരച്ച് കാണിക്കാനുള്ള ശ്രമമാണ് സ്റ്റാന്‍ഡ് അപ്പ്. യഥാര്‍ത്ഥ വസ്തുതയാണെങ്കില്‍ കൂടെ സിനിമയുടെ പ്രതലത്തിലേക്ക് വരുമ്പോള്‍ അവതരണത്തിലെ പുതുമ, പ്രേക്ഷകനെ കഥയിലേക്ക് വലിച്ചടുപ്പിക്കാനുള്ള ഘടകങ്ങള്‍ ഇവയെല്ലാം അനിവാര്യതയാണ്. ചിത്രം പലപ്പോഴും ഡോക്യുമെന്ററി സ്വഭാവം സ്വീകരിക്കുമ്പോള്‍ പ്രേക്ഷകന് ഇഴച്ചിലായാണ് ചിത്രം അനുഭവപ്പെടുന്നത്. പ്രണയത്തില്‍ ആണധികാരം ഏറി ഏറി വരുന്ന കാലത്ത് ആണ്‍ പെണ്‍ സുഹൃത്തുക്കള്‍ ഒന്നിച്ചിരുന്ന് ഒരു തവണയെങ്കിലും കാണേണ്ട ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്.