“ഇവിടെ ഇരയിമ്മൻ തമ്പിയും, കുറുപ്പും, മേനോനും, നമ്പൂതിരിയും, വർമ്മയുമൊക്ക മതിയെന്നേ”; വേടനെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് ശ്രീകാന്ത് മുരളി

','

' ); } ?>

വേടന് പുരസ്‌കാരം ലഭിച്ചതിനെതിരെ ഉയരുന്ന വിമർശനങ്ങളെ പരിഹസിച്ച് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി. വയലാർ രാമ വർമയുടെ കവിതയുടെ ചില ഭാഗങ്ങൾ കൊടുത്ത ശേഷം ഇവിടെ ഇരയിമ്മൻ തമ്പിയും, കുറുപ്പും, മേനോനും, നമ്പൂതിരിയും, വർമ്മയുമൊക്ക മതിയെന്നേ… അവരങ്ങുദ്ധരിച്ചു വെച്ചിരിയ്ക്കുവല്ലേ?? എന്നൊരു കമന്റും അദ്ദേഹം ചേർത്തിട്ടുണ്ട്. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“മദിരാക്ഷീ നിന്റെ മധുരാധരങ്ങൾ, മദനന്റെ മധു പാത്രങ്ങൾ, പ്രിയന് പകർന്നു പകർന്നു കൊടുക്കും പ്രണയവികാര ചഷകങ്ങൾ…
വൗ… എത്ര നല്ല വരികൾ.. “അങ്കത്തിലെടുത്തെന്റെ കൊങ്കത്തടങ്ങൾ, കര പങ്കജം കൊണ്ടവൻ തലോടീ….” ആഹാ…, ബാക്കിയുള്ള വരികൾ മനഃപ്പാഠമാക്കിയ സംസ്കാര സമ്പന്നർക്ക് നമസ്കാരം, ഇവിടെ ഇരയിമ്മൻ തമ്പിയും, കുറുപ്പും, മേനോനും, നമ്പൂതിരിയും, വർമ്മയുമൊക്ക മതിയെന്നേ… അവരങ്ങുദ്ധരിച്ചു വെച്ചിരിയ്ക്കുവല്ലേ??, മേൽ “ഉദ്ധരിച്ച” പ്രഗത്ഭരുടെ കവിതാ ശകലങ്ങളുടെ ബാക്കി ഗൂഗിളിൽ തപ്പിയാൽ കിട്ടും. സംസ്കാരം വിജയിയ്ക്കട്ടെ”, ശ്രീകാന്ത് മുരളി കുറിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ നിരവധിപേരാണ് വേടനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അവാർഡിനായി റാപ്പർ വേടനെ എന്തിന് പരിഗണിച്ചു എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. വരേണ്യ ഗാനരചനാ സങ്കൽപ്പങ്ങളുള്ളവരാണ് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നത് എന്നാണ് മറുവാദം. എഴുത്തുകാരന്‍ മനോജ് കുറൂർ ഉള്‍പ്പെടുള്ളവർ പുരസ്കാര പ്രഖ്യാപനത്തെ പിന്തുണച്ചിരുന്നു. ജോയ് മാത്യു, ദീദി ദാമോദരൻ, കെ പി വ്യാസൻ തുടങ്ങിയവർ ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ലൈംഗികപീഡനം ഉൾപ്പടെയുള്ള കേസുകൾ വേടന് എതിരെ നിലനിൽക്കുമ്പോൾ സംസ്ഥാന ബഹുമതി നൽകുന്നത് ഉചിതമല്ലെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം. അവാർഡ് പ്രഖ്യാപനത്തിനു പിന്നാലെ നിർമ്മാതാവും സംവിധായകനുമായ കെ.പി. വ്യാസൻ വേടനെതിരെ രംഗത്ത് വന്നിരുന്നു. വേടൻ്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ എന്തുമാത്രം ബഹളമുണ്ടാകുമായിരുന്നെന്നും, ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവഡോക്‌ടറുടെ പരാതിയിൽ വേടനെ തൃക്കാക്കര പോലീസ് അറസ്റ്റുചെയ്‌തിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ വിട്ടയക്കുകയായിരുന്നു. ഗവേഷകവിദ്യാർഥിനിയെ അപമാനിച്ചെന്ന കേസിലും വേടൻ പ്രതിയാണ്. നേരത്തേ, വേടനെതിരേ മീറ്റൂ ആരോപണവുമുണ്ടായിരുന്നു. അന്ന് വേടൻ മാപ്പ് പറഞ്ഞിരുന്നു. കഞ്ചാവ് കണ്ടെടുത്ത കേസിലും പുലിനഖം കൈവശംവെച്ച കേസിലും വേദന പ്രതിയാണ്. ഇത്തരം ആരോപണം നേരിടുന്നവർക്ക് അവാർഡ് നൽകുന്നതിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

മഞ്ഞുമ്മൽ ബോയ്‌സി’ലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന റാപ്പിനാണ് വേടന് അവാർഡ് ലഭിച്ചത്. ജൂറി അധ്യക്ഷനായിരുന്ന പ്രകാശ് രാജിന്റെ ഉറച്ച നിലപാടാണ് അവാർഡ് നിർണയത്തിന് പിന്നിലെന്ന് സൂചനയുണ്ടായിരുന്നു. വ്യവസ്ഥാപിത എഴുത്തുരീതികളെ അതിലംഘിക്കുന്ന വേടൻ്റെ പാട്ടിനെ അംഗീകരിക്കണമെന്ന പ്രകാശ് രാജിൻ്റെ നിർദേശത്തെ എതിർപ്പുകൾക്കിടയിലും ജൂറിയിൽ ചിലർ പിന്താങ്ങുകയായിരുന്നു. എടുക്കുന്ന പണി നടക്കുന്നു എന്നതിനുള്ള ഉദാഹരണമാണ് അവാർഡ് എന്നായിരുന്നു വേടൻ്റെ പ്രതികരണം. യുവതലമുറയുടെ ജീവിതവും അഭിലാഷങ്ങളും സ്വപ്നവുമാണ് വേടന്റെ വാക്കുകളില്‍ മുഴുങ്ങുന്നത്. സ്ഥിരം കാല്പനികഗാനങ്ങളിലെ ബിംബങ്ങളില്‍നിന്ന് വ്യത്യസ്തമായി ആ എഴുത്തിലെ അതിജീവനത്തിനുള്ള ത്വര ജൂറിക്ക് കാണാതിരിക്കാനായില്ല. ഉത്തരവാദിത്വം നിറഞ്ഞ എഴുത്ത്. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ചേര്‍ന്ന ഗാനം. വേടന്റേത് റാപ് സംഗീതമാണ്”-മികച്ച ഗാനരചയിതാവായി വേടനെ പരിഗണിച്ചതിനെക്കുറിച്ച് ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് വിശദീകരിച്ചതിങ്ങനെയാണ്.