പൊതുവേദിയിലെ നടിമാരുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം. ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് തെലുങ്ക് നടിമാര്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് എസ് പി ബാലസുബ്രഹ്മണ്യം പറഞ്ഞു. പൊതുപരിപാടികള്‍ക്കും മറ്റും പങ്കെടുക്കാനായി എത്തുമ്പോള്‍ ഇത്തരത്തില്‍ വസ്ത്രം ധരിച്ചാല്‍ സംവിധായകരും നിര്‍മാതാക്കളും സിനിമയിലെടുക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്.
സിനിമയില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ താരങ്ങള്‍ നിര്‍ബന്ധിതരാകുന്നുണ്ട്. അതുകൊണ്ടാകാം പൊതുപരിപാടികളില്‍ പോലും ഇങ്ങനെ വസ്ത്രങ്ങള്‍ അണിഞ്ഞ് അവര്‍ എത്തുന്നത്. തെലുങ്ക് സംസ്‌കാരത്തെ പോലും മാനിക്കാത്തവരാണ് ഇത്തരക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടിമാരെ മാത്രമല്ല, സംവിധായകരെയും നിര്‍മ്മാതാക്കളെയും എസ് പി ബാലസുബ്രഹ്മണ്യം വിമര്‍ശിച്ചു. സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം മാത്രമാണ് പലരുടെയും ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പൊതുപരിപാടിക്കിടെയായിരുന്നു എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിമര്‍ശനം.