
ഫഹദ് ഫാസിലിന്റെ ആരാധികയാണ് താനെന്നും നടനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും തുറന്ന് പറഞ്ഞ് തെന്നിത്യൻ നായികാ തൃഷ കൃഷ്ണൻ. തഗ് ലൈഫ് എന്ന പുതിയ സിനിമയുടെ പ്രൊമോഷൻ ഇവന്റിൽ വെച്ചാണ് നടി ഇക്കാര്യം അറിയിച്ചത്. ഏത് മലയാളം നടനോടൊപ്പമാണ് അഭിനയിക്കാൻ ഏറെ ആഗ്രഹം’ എന്ന അവതാരകയുടെ ചോദ്യത്തിന് ‘ഒരു സംശയവുമില്ലാതെ ഞാൻ പറയും ഫഹദ് ഫാസിൽ’ എന്നായിരുന്നു തൃഷയുടെ മറുപടി. നടനൊപ്പം ഏത് ഴോണറിലുള്ള സിനിമ ചെയ്യുവാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ ‘അങ്ങനെ പറയുവാൻ കഷ്ടമാണ്. എന്തുതരം സിനിമയാണെങ്കിലും അദ്ദേഹം ഗംഭീരമായാണ് ചെയ്യുന്നത്. ആവേശമാണ് ഈ അടുത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. ഏതെങ്കിലും ഒരു ഴോണർ എന്നില്ല, അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ ഞാൻ ഏറെ ആഗ്രഹിക്കുന്നു,’ എന്നും തൃഷമറുപടി നൽകി.
കഴിഞ്ഞ ദിവസം കാൻ ചലച്ചിത്ര മേളയോട് അനുബന്ധിച്ച് ബ്രൂട്ടിന് നൽകിയ അഭിമുഖത്തിൽ ബോളിവുഡ് തരാം ആലിയ ഭട്ടും ഫഹദിനൊപ്പം അഭിനയിക്കണം എന്ന ആഗ്രഹം പങ്കുവെച്ചിരുന്നു. ‘ഫഹദ് ഫാസിലിന്റെ അഭിനയം എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം അസാധ്യ നടനാണ്. ആവേശം സിനിമ എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. ഫഹദിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ട്,’ എന്നാണ് ആലിയ പറഞ്ഞത്.
അഭിനയ മികവ് കൊണ്ടും കഥാപാത്രങ്ങളുടെ വ്യത്യസ്തത കൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. ഭാഷയുടെ അതിർവരമ്പുകൾ തകർത്ത് ഇന്ത്യയിലാകെ ആരാധകരെയുണ്ടാക്കിയെടുക്കാൻ നടന് കഴിഞ്ഞിട്ടുമുണ്ട്. അതേസമയം ഫഹദിന്റെ അടുത്ത ചിത്രമായ ഓടും കുതിര ചാടും കുതിര ഓണം റിലീസായി തിയേറ്ററുകളിലെത്തുകയാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സലിം ഒരുക്കുന്ന രണ്ടാം ചിത്രമാണ് ഓടും കുതിര ചാടും കുതിര. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.