
നടൻ രജനികാന്തിനെതിരെ സൈബർ ആക്രമണം. നടൻ സൗബിൻ ഷാഹിറിനെയും, ആമിർഖാനെയും ബോഡി ഷെയ്മിങ് നടത്തിയെന്നാരോപിച്ചാണ് ആക്രമണം. ലോകേഷ് കനകരാജ്- രജനികാന്ത് ചിത്രം കൂലിയുടെ പ്രീ-റിലീസ് ഇവന്റിലാണ് രജനികാന്ത് ഇരുവരെയും കുറിച്ച് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയത്.
കൂലിയില്‍ ദയാല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സൗബിനെയാണ് ലോകേഷ് തീരുമാനിച്ചിരിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നില്ലെന്നാണ് രജനി പറയുന്നത്. സൗബിന് കഷണ്ടിയാണെന്നും ഇയാളെക്കൊണ്ട് ഇത് പറ്റുമോ എന്ന് താന്‍ ചിന്തിച്ചുവെന്നുമാണ് രജനികാന്ത് പറയുന്നത്. ആമിര്‍ ഖാന്‍ ബോളിവുഡിന്റെ കമല്‍ഹാസനാണെന്ന് പ്രശംസിക്കുന്നുണ്ട് രജനികാന്ത്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ കുള്ളനെന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ബോളിവുഡില്‍ ഒരു ഭാഗത്ത് ഷാരൂഖ് ഖാനും മറുവശത്ത് സല്‍മാന്‍ ഖാനുമുണ്ട്. രണ്ടിനും നടുവില്‍ കുള്ളനായ ആമിര്‍ ഖാനും. അയാളുടെ കൂടെ എങ്ങനെ പിടിച്ചു നില്‍ക്കും എന്നാണ് രജനിയുടെ പരാമര്‍ശം.
സ്വന്തം ലുക്കിനെക്കുറിച്ചുള്ള പൊതുബോധത്തെ എപ്പോഴും പരിഹാസത്തോടെ നേരിടുന്ന രജനികാന്ത് എന്തുകൊണ്ടാണ് മറ്റുള്ളവരെ അതേതരത്തില്‍ വീക്ഷിക്കുകയും വിധിക്കുകയും ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. രജനികാന്ത് ആയതിനാല്‍ ആരും ഇതൊന്നും ചോദ്യം ചെയ്യില്ല. ഒരു കൈ കൊണ്ട് തല്ലുകയും മറു കൈ കൊണ്ട് തലോടുകയും ചെയ്യുകയാണ് തലൈവര്‍. 2025 ലും ബോഡി ഷെയ്മിങ് തമാശയായി കാണുന്ന രജനി ആരും എതിര്‍ക്കാതിരിക്കുന്നത് അദ്ദേഹത്തോടുള്ള ഭയഭക്തി കൊണ്ടാണെന്നും ചിലര്‍ പറയുന്നുണ്ട്.