
ബോഡി ഷെയിമിങ്ങിനെതിരെ പ്രതികരിച്ച നടി ഗൗരി കിഷനെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. തന്നെ പരിഹസിച്ച യൂട്യൂബറുടെ രൂപത്തെ കളിയാക്കിക്കൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ പരിഹാസരൂപേണ ഗൗരി പങ്കുവെച്ച കമന്റാണ് വിമർശനങ്ങൾക്ക് കാരണം. തന്റെ ശരീരത്തെക്കുറിച്ച് ചോദ്യം ചോദിച്ച യൂട്യൂബറെ അധിക്ഷേപിക്കരുതെന്ന് ഗൗരി നേരത്തെ ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇപ്പോൾ നടി തന്നെ നേരിട്ട് പരിഹാസരൂപേണ കമന്റ് ചെയ്തതോടെ, ഗൗരിയുടെ പ്രതികരണത്തിലെ ആത്മാർഥതയെക്കുറിച്ച് ചോദ്യങ്ങളുയരുകയാണ്. യൂട്യൂബറുടെ പെരുമാറ്റത്തിനെതിരെ നടിക്ക് പിന്തുണ നൽകിയവർ തന്നെയാണ് ഇപ്പോൾ ഗൗരിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
യൂട്യൂബർ കാർത്തിക്കിന്റെ രൂപത്തെ പരിഹസിച്ചുകൊണ്ട് ഒരു സോഷ്യൽ മീഡിയ പേജിൽ വന്ന പോസ്റ്റിന് താഴെ ഗൗരി കിഷൻ തന്റെ ഔദ്യോഗിക ഐഡിയിൽ നിന്ന് ‘ഹിയ്യോ’ എന്ന രൂപത്തിലുള്ള കമന്റ് പങ്കുവെച്ചു. ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ നിലപാടെടുത്ത ഗൗരി, അതേ രീതിയിൽ മറ്റൊരാളുടെ രൂപത്തെ പരിഹസിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് വിമർശകരുടെ പ്രധാന ആരോപണം. ഗൗരിയെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായി സംസാരിച്ച ഗൗരിയും ആ യൂട്യൂബറും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. സംഭവത്തിൽ നടിയുടെ കമന്റിനെതിരെ വലിയ പ്രതിഷേധമാണ് കമന്റ് ബോക്സുകളിലും പ്രത്യേക ചർച്ചാ പോസ്റ്റുകളിലും നിറയുന്നത്.
കഴിഞ്ഞ ദിവസം യൂട്യൂബർ കാർത്തിക്കിന്റെ ഖേദപ്രകടനം താൻ സ്വീകരിക്കില്ലെന്ന് ഗൗരി വ്യക്തമാക്കിയിരുന്നു. “ഉത്തരവാദിത്തം ഏറ്റെടുക്കാതെയുള്ള ഖേദപ്രകടനം, ഖേദപ്രകടനമല്ലെന്നും, പ്രകടനാത്മകമായ ഖേദപ്രകടനങ്ങളും പൊള്ളയായ വാക്കുകളും അംഗീകരിക്കാൻ കഴിയില്ലെന്നും” ഗൗരി വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പേജായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം യൂട്യൂബറുടേത് ഖേദപ്രകടനമാണെന്ന് തോന്നുന്നില്ലെന്ന് താരസംഘടന ‘അമ്മ’ പ്രസിഡൻ്റ് ശ്വേതാ മേനോനും അഭിപ്രായപ്പെട്ടിരുന്നു. തങ്ങൾ പ്രതീക്ഷിക്കുന്ന ഖേദപ്രകടനം ഇങ്ങനെയല്ലെന്നും നടി വ്യക്തമാക്കിയിരുന്നു. തന്റെ ചോദ്യം നടി തെറ്റിദ്ധരിച്ചുവെന്നായിരുന്നു ഖേദപ്രകടനം നടത്തിയ വീഡിയോയിൽ കാർത്തിക് ന്യായീകരിച്ചത്. നടിയെ ബോഡിഷെയിം ചെയ്തിട്ടില്ല. അതൊരു തമാശചോദ്യമായിരുന്നു. നടിക്ക് മനോവിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു കാർത്തിക്കിന്റെ വാക്കുകൾ.
താര സംഘടനയായ അമ്മയും, ഗായിക ചിന്മയിയും, ഖുശ്ബുവും, അഹാനയും, സുപ്രിയമേനോനുമടക്കം നിരവധി പേർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അതേ സമയം തന്നെ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗര്‍ക്കെതിരായ നിലപാടിലുറച്ച് തന്നെയാണ് നടി ഗൗരി കിഷൻ മുന്നോട്ട് പോകുന്നത്. താൻ സംസാരിച്ചത് സ്ത്രീകള്‍ക്ക് വേണ്ടിയാണെന്നും, നാളെ മറ്റൊരു നടിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത് എന്ന് കരുതിയാണ് തുറന്നടിച്ചതെന്നും ഗൗരി പറഞ്ഞു. കൂടാതെ തന്റെ ശരീരം തന്റെ ചോയിസാണെന്നും, അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഗൗരി കൂട്ടിച്ചേർത്തു. സംഭവത്തിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.
ഗൗരി കിഷന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിൽ തന്നെ ബോഡി ഷെയിമിങ് ചെയ്ത യൂട്യൂബർക്ക് തക്കതായ മറുപടിയായിരുന്നു ഗൗരി നൽകിയത്. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് മാധ്യമപ്രവർത്തകൻ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി. മാത്രവുമല്ല താങ്കൾ ഇപ്പോൾ ചെയ്യുന്നതിനെ ജേർണലിസമല്ലെന്നും നടി മാധ്യമപ്രവർത്തകനോട് പറഞ്ഞു. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.