
ഞാൻ ഈ സിനിമ തിയറ്റിൽ എത്തിക്കും അല്ലെങ്കിൽ തിരശീല കെട്ടി പ്രദർശിപ്പിക്കും. അന്ന് സാറിന് മനസ്സിലാകും യഥാർഥ ഫയർ എന്താണെന്ന്.
പ്രശസ്ത സംവിധായകനും മുൻ ദേശീയ അവാർഡ് ജൂറി അംഗവുമായ എം.ബി. പദ്മകുമാർ, മുതിർന്ന സംവിധായകൻ സിബി മലയിലിനെതിരെ ശക്തമായ വിമർശനവുമായി രംഗത്ത്. സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് സെൻസർ ബോർഡ് നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കവെ, പദ്മകുമാറിന്റെ സിനിമയെ “ചെറിയ സിനിമ” എന്ന് വിശേഷിപ്പിച്ച സിബിയുടെ പരാമർശമാണ് പദ്മകുമാറിന്റെ പ്രതികരണത്തിന് വഴി തുറന്നത്.
“സാറേ, എന്റെ കഞ്ഞിയിലാണ് പാറ്റ ഇട്ടത്. വലിയ സിനിമയല്ലെങ്കിൽ അതെല്ലാം ചെറുതാവും അല്ലേ?” – തന്റെ നിലപാട് വ്യക്തമാക്കിയ പദ്മകുമാർ പറഞ്ഞു. ഞാൻ നിർമ്മിച്ച ചിത്രം ഫെസ്റ്റിവലുകൾക്ക് മാത്രമായിരുന്നെന്നും, സംവിധായകൻ തന്നെ പ്രശ്നം കൈകാര്യം ചെയ്തെന്നുമാണ് സിബി സാർ പറഞ്ഞത്. അതോടെ ഞാനൊരുപാട് മോശം അനുഭവങ്ങൾ നേരിട്ടു.– പദ്മകുമാർ കൂട്ടിച്ചേർത്തു.
സിബി മലയിലിന്റെ അഭിപ്രായത്തെത്തുടർന്ന്, നേരത്തേ തന്റെ സിനിമയുടെ വിതരണം ഏറ്റെടുത്ത ഡിസ്‌ട്രിബ്യൂട്ടർ പിന്തിരിഞ്ഞതായും അദ്ദേഹം കുറ്റപ്പെടുത്തി. “സിബി മലയിലിന്റെ പരാമർശം കേട്ട് ‘ഇത് അവാർഡ് സിനിമയായാണ് പറയുന്നത്, എന്നാൽ ഇപ്പോൾ മോശം സിനിമയാണെന്ന് പറയപ്പെടുന്നു. ഞാൻ പൈസ മുടക്കില്ല”, എന്നാണ് ഡിസ്‌ട്രിബ്യൂട്ടർ പറഞ്ഞത്.
സംവിധായകനായിരിക്കുമ്പോൾ അതിന്റെ എല്ലാ ഘടകങ്ങളിലും ആത്മാവിനെ മുട്ടിക്കാനുള്ള ശ്രമമുണ്ട്, ഒരു സിനിമയ്ക്ക് പിന്നിൽ ഉള്ള ഓർമ്മകളും കഠിനാധ്വാനവും നിർവചിക്കാനാകാത്തതാണ്. ഞാൻ ഈ സിനിമയെ ഒരു സ്വപ്നമായി കണ്ടു. അതിന് വേണ്ടിയുള്ള ഏഴു മാസം ഉറക്കം കളഞ്ഞും വിശപ്പ് സഹിച്ചുമാണ് ജീവിച്ചത്. സംഘടനാ അംഗത്വം ഏറ്റെടുത്തില്ലെന്ന് ആരോ ആരോപിച്ചിരുന്നുവെങ്കിലും, അതിനു പിന്നിൽ പ്രൊഡ്യൂസറുടെ സാമ്പത്തിക പരിമിതികളാണ്. ചെറിയ ബജറ്റിലും പുതുമുഖങ്ങളെ ഉപയോഗിച്ചും ചിന്തിച്ചാണ് സിനിമ ചെയ്യുന്നത്. പദ്മകുമാർ വ്യക്തമാക്കി. ആ സിനിമ കാണാതെ അഭിപ്രായം പറയാൻ സാറിന് അവകാശം ഇല്ല. കാണാതെ അഭിപ്രായം പറയുന്ന നിങ്ങളെപോലുള്ളവരാണ് ഞങ്ങളെ നോവിക്കുന്നത്. ജാനകിക്ക് പകരം ‘ജയന്തി’ എന്ന പേരിൽ റിലീസ് ചെയ്യപ്പെടുന്ന എന്റെ ചിത്രം സ്വതന്ത്രമായ നിലയിൽ നിലനിൽക്കുമെന്നാണ് വിശ്വാസം. പദ്മകുമാർ വ്യക്തമാക്കി
ഞാൻ തോറ്റു പിന്മാറിയൊന്നുമല്ല. ഇത് ഞാൻ അറിഞ്ഞപ്പോൾ തന്നെ പരിഹരിക്കാൻ വേണ്ടി പല ആൾക്കാരുടെയും പടിവാതിൽ മുട്ടിയതാണ്. സംഘടനയോട് ചേർന്നു നിൽക്കുന്ന പലരോടും ഈ കാര്യം പറഞ്ഞതാണ്. അവരാണ് എന്നെ ചതിച്ചത്. അത് നിങ്ങൾക്കറിയുമോ? അല്ലാതെ ഞാൻ അതു പേടിച്ചൊന്നും ചെയ്തതല്ല. പല പടിവാതിലുകളിലും മുട്ടിയാണ്. പല നേതാക്കന്മാരുടെയും കാൽക്കൽ വീണതാണ്. അവരൊക്കെ എന്നോട് പറഞ്ഞത് എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയോ. ഏതായാലും ‘ജെഎസ്കെ’ ഒന്ന് റിലീസ് ചെയ്യട്ടെ, നിങ്ങൾക്കൊക്കെ അത് ആവശ്യമാണല്ലോ. സൂപ്പർ താരം അതിനകത്തുണ്ട്, കേന്ദ്രമന്ത്രി ഉണ്ട്, പണം ചാക്കിൽക്കെട്ട് നടക്കുന്ന ഒരുപാട് പേരുണ്ട് അതിനകത്ത്. ഞാൻ തോറ്റ് ഓടിയതൊന്നുമല്ല, ധൈര്യത്തോടുകൂടെ തന്നെ ഞാൻ പേര് മാറ്റുകയാണ്. ഞാൻ ഈ സിനിമ തിയറ്റിൽ എത്തിക്കും അല്ലെങ്കിൽ തിരശീല കെട്ടി പ്രദർശിപ്പിക്കും. അന്ന് സാറിന് മനസ്സിലാകും യഥാർഥ ഫയർ എന്താണെന്ന്. സാറിനും സാറിന്റെ സംഘടനയ്ക്കും സിനിമകൾക്കും നല്ലത് വരട്ടെ.”പദ്മകുമാർ കൂട്ടിചേർത്തു.