
സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനക്കെതിരെ ശകതമായി പ്രതികരിച്ച് ഗായകരുടെ സംഘടന. പിന്നണി ഗായകരെ സിനിമ കോണ്‍ക്ലേവിലേക്ക് ക്ഷണിച്ചിരുന്നുവെന്നും, ഗായകര്‍ എവിടെ നിന്നെങ്കിലും വലിഞ്ഞു കേറി വന്നവരല്ലെന്നും സംഘടന പറഞ്ഞു. സംഘടനയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.
“കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിരവധി അതിപ്രശസ്തമായ പാട്ടുകള്‍ക്ക് ശബ്ദം നല്കിയ ഗായികയും സമം മുന്‍ ഭരണസമിതി അംഗവും കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്സണുമായ പുഷ്പവതിയെ തിരിച്ചറിയാന്‍ കഴിയാതെ പോയതില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണന് സമകാലിക സിനിമാ സംഗീതത്തെക്കുറിച്ചും സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ചും തീര്‍ത്തും അജ്ഞനാണെന്ന് വ്യക്തമാകുന്നു. ചലച്ചിത്ര പിന്നണി ഗായിക പുഷ്പവതിയെക്കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ പ്രസ്താവനക്കെതിരെ സമം ശക്തമായി പ്രതിഷേധിക്കുന്നു. ചലച്ചിത്ര അക്കാഡമിയില്‍ നിന്നും സാംസ്കാരികവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും സമം ഭാരവാഹികള്‍ എന്ന നിലയിലും വ്യക്തിപരമായും പ്രമുഖരായ പിന്നണി ഗായകരെ സിനിമ കോണ്‍ക്ലേവിലേക്ക് ക്ഷണിച്ചിരുന്നു. അല്ലാതെ, അടൂര്‍ ഗോപാലകൃഷ്ണന് പറയുന്നതു പോലെ ഗായകര്‍ കോണ്‍ക്ലേവിലേക്ക് എവിടെനിന്നെങ്കിലും വലിഞ്ഞുകേറി വന്നവരല്ല”. സംഘടന കുറിച്ചു.
“സിനിമയില്‍ സംഗീതത്തിന്റെയും പാട്ടുകളുടെയും പ്രാധാന്യം ഉള്‍ക്കൊള്ളാനും സിനിമാ സംഗീതരംഗത്തുള്ളവരെ അംഗീകരിക്കാനും തയ്യാറാവാത്തതു കൊണ്ടാവാം ഇത്തരം വില കുറഞ്ഞ പ്രസ്താവനകള്‍ അദ്ദേഹം നടത്തിയത്. തന്റെ അറിവില്ലായ്മ കൊണ്ട് സമുന്നതയായ ഒരു കലാകാരിയെയും ഗായകസമൂഹത്തെയും അപമാനിച്ച അടൂര്‍ ഗോപാലകൃഷ്ണന് പൊതുസമൂഹത്തോടു മാപ്പു പറയണം. പിന്നണിഗായിക എന്ന നിലയില്‍ സാമൂഹിക വിഷയങ്ങളില്‍ ശക്തമായി ഇടപെടുന്ന പുഷ്പവതിക്ക് സമം സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു”. സംഘടന കൂട്ടിച്ചേർത്തു.
പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നും സ്ത്രീകളായതു കൊണ്ടു മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നായിരുന്നു അടൂരിന്റെ പരാമർശം. കൂടാതെ പലരും ചെയ്ത സിനിമകൾ നിലവാരമില്ലാത്തതെണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ചലച്ചിത്ര വികസന കോർപറേഷൻ വെറുതേ പണം നൽകരുത്. ഒന്നരകോടി രൂപ എന്ന് പറയുന്നത് ചെറിയ സംഖ്യ അല്ല. അത് അഴിമതിക്ക് കാരണമാകും എന്നും അടൂർ കൂട്ടിച്ചേർക്കുകയുണ്ടായി. കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാമർശം.
അടൂരിന്റെ പ്രസ്താവനനയ്ക്കെതിരെ മന്ത്രി ആർ ബിന്ദുവും, സംവിധായിക ശ്രുതിയുമടക്കം നിരവധിപേരാണ് രംഗത്തു വന്നിട്ടുള്ളത്.’വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം. മനുഷ്യനാകണം, എന്നായിരുന്നു മന്ത്രി ആര്.ബിന്ദുവിന്റെ പ്രതികരണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. അപ്പർ ക്ലാസ് പ്രിവിലേജിൽ ജീവിച്ചവർക്ക് താഴെയുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാവുകയില്ലെന്നും, അടൂരിനെപ്പോലൊരാൾ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുൻപ്, തങ്ങളിൽ ഒരാളുടെയെങ്കിലും ചിത്രം ഒന്നു കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു.
ഗോപാലകൃഷ്ണനെതിരെ സാമൂഹിക പ്രവര്ത്തകന് ദിനു വെയില് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ദിനു വെയില് പരാതി നൽകിയത്. കൂടാതെ എസ് സി / എസ് ടി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അടൂരിന്റെ പരാമര്‍ശങ്ങള്‍ എസ് സി / എസ് ടി ആക്ട് പ്രകാരം കുറ്റകരമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു
പൊതു വേദിയില്‍ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയത്. പട്ടികജാതി- പട്ടിക വിഭാഗക്കാര്‍ക്കെതിരെ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന പരാമർശമായിരുന്നത്. പ്രസ്താവനയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നുമാണ് പരാതിയിൽ പറയുന്നത്.