
പഴയ ഗാനം “റംബാ ഹോ” എന്ന തന്റെ ഗാനം ബോളിവുഡ് ചിത്രം ധുരന്ധറിൽ ഉപയോഗിച്ചത് തന്റെ അറിവോടെയല്ലെന്ന് ഗായിക ഉഷാ ഉതുപ്പ്. തന്റെ ഹിറ്റ് ഗാനത്തിൻ്റെ പുതിയ പതിപ്പ് കേട്ട് താൻ സർപ്രൈസ് ആയി പോയെന്നും, പുതിയ പതിപ്പിൻ്റെ ലിങ്ക് ഒരാൾ തനിക്ക് അയച്ചു തരികയായിരുന്നുവെന്നും ഉഷ ഉതുപ്പ് പറഞ്ഞു. കൂടാതെ ഈ ഗാനം മറ്റൊരാൾ പാടുന്നതിൽ വിഷമം തോന്നുന്ന ഒരാളല്ല താനെന്നും, പാട്ട് കേട്ട് താൻ സന്തോഷവതിയായെന്നും ഉഷ ഉതുപ്പ് കൂട്ടിച്ചേർത്തു.
‘ഒരാൾ എനിക്ക് ലിങ്ക് അയച്ചുതന്നു. പാട്ട് കേട്ടിട്ട് ഇത് അടിപൊളിയാണല്ലോ എന്ന് ഞാൻ അയാളോട് പറഞ്ഞു. ഈ ഗാനം മറ്റൊരാൾ പാടുന്നതിൽ വിഷമം തോന്നുന്ന ഒരാളല്ല ഞാൻ. പാട്ട് കേട്ട് ഞാൻ സന്തോഷവതിയായി. ഇടിമുഴക്കം പോലെയുള്ള ഈ പാട്ടിൻ്റെ തിരിച്ചുവരവ് അതിശയകരമാണ്. ഒരു പാട്ട് അത് പാടിയ ആളേക്കാൾ വലുതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് തെളിയിക്കുന്ന സംഭവമാണ് ഇത്.’ ഉഷാ ഉതുപ്പ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി ബോക്‌സ് ഓഫീസിൽ തരംഗം തീർത്ത ബോളിവുഡ് ചിത്രമാണ് ധുരന്ധർ. കളക്ഷൻ 1300 കോടിയിലേറെ സ്വന്തമാക്കി പുതിയ റെക്കോഡുകൾ സ്ഥാപിച്ച ചിത്രം ഒടിടിയിലെത്തിയപ്പോഴും സൂപ്പർഹിറ്റായിരുന്നു. ധുരന്ധറിലെ ഏറെ കൈയടി നേടിയ കാര്യങ്ങളിൽ ഒന്നാണ് പഴയകാല പാട്ടുകൾ റീമിക്‌സ് ചെയ്ത് ഉപയോഗിച്ചത്. അതിൽ തന്നെ ഏറ്റവും മികച്ചത് എന്ന് പ്രേക്ഷകർ വിശേഷിപ്പിച്ചത് ഉഷാ ഉതുപ്പ് ആലപിച്ച റംബാ ഹോ എന്ന ഗാനത്തിന്റെ റീമിക്‌സാണ്. ഡിയോ നശയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉഷാ ഉതുപ്പ് ഇക്കാര്യങ്ങൾ പറഞ്ഞത്.