
സംവിധായകൻ പ്രിയദര്‍ശന്റെ വിരമിക്കല്‍ വാര്‍ത്ത തെറ്റിദ്ധരിച്ച് അനുശോചനം രേഖപ്പെടുത്തി പ്രമുഖ ഗായകന്‍ മിക്ക സിങ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വാര്‍ത്തയുടെ താഴെയാണ് മിക്ക സിങ് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. ഓം ശാന്തി എന്നായിരുന്നു വാര്‍ത്തയുടെ താഴെ മിക്ക സിങ് കുറിച്ചത്. വിരമിച്ചുവെന്ന വാര്‍ത്ത മരിച്ചുവെന്നാണ് മിക്ക വായിച്ചത്. ഗായകന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. നിരവധി പേരാണ് മിക്കയുടെ കമന്റിന് മറുപടിയുമായി എത്തിക്കൊണ്ടിരിക്കുന്നത്. മിക്ക മദ്യലഹരിയിലായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
കൂടാതെ തനിക്ക് പറ്റിയ അബദ്ധം മിക്കയ്ക്ക് ഇതുവരെ മനസിലായിട്ടില്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്രയും കമന്റും പോസ്റ്റുമൊക്കെ വന്നിട്ടും മിക്ക തന്റെ കമന്റ് ഡിലീറ്റ് ചെയ്തിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
സംവിധാനത്തില്‍ നിന്നും താന്‍ വിരമിക്കാന്‍ പോവുകയാണെന്ന സൂചനകള്‍ കഴിഞ്ഞ ദിവസമാണ് പ്രിയദര്‍ശന്‍ നല്‍കിയത്. കരാർ ഉറപ്പിച്ച സിനിമകൾ പൂർത്തിയാക്കി കഴിഞ്ഞാൽ സിനിമാ രംഗത്തു നിന്നും വിരമിക്കാൻ ആഗ്രഹിക്കുന്നു. മോഹൻലാലിനെ നായകനാക്കി എൻ്റെ നൂറാമത്തെ സിനിമയും ചർച്ചയിലാണ്. അതിൻ്റെ തിരക്കഥ പൂർത്തിയാക്കാനുണ്ട്. അടുത്ത വർഷം ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. എൻ്റെ സിനിമകളുടെ തുടർച്ചകൾ ചെയ്യാൻ എനിക്ക് ഇഷ്‌ടമല്ല. അതെനിക്ക് വലിയ താല്‌പര്യമില്ലാത്ത കാര്യമാണ്. പക്ഷേ ‘ഹേരാ ഫേരി’ യുടെ മൂന്നാം ഭാഗം ആലോചനയിലുണ്ട് കാരണം അതിൻ്റെ നിർമാതാക്കൾ വളരെനാളായി അത് ചെയ്യാൻ എന്നെ നിർബന്ധിച്ചുകൊണ്ടിരിക്കുന്നു. ഈ സിനിമയൊക്കെ പൂർത്തിയാക്കി കഴിഞ്ഞാൽ സിനിമയിൽ നിന്നു വിരമിക്കണം എന്നാണ് എന്റെ ആഗ്രഹം, ഒരു വിശ്രമം ആവശ്യമാണെന്ന് തോന്നുന്നു.” പ്രിയദർശൻ പറഞ്ഞു.
തന്റെ 99-ാമത്തെ സിനിമയുടെ തിരക്കിലാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും പ്രധാന വേഷത്തിലെത്തുന്ന ഹായ്വാന്‍ മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിന്റെ ഹിന്ദി പതിപ്പാണ്. ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ടെന്നും പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. 100-ാമത്തെ ചിത്രമായി മോഹന്‍ലാല്‍ സിനിമ ആലോചനയിലുണ്ടെന്നും പ്രിയന്‍ പറഞ്ഞിരുന്നു. പിന്നാലെ ഹേരാ ഫേരിയുടെ മൂന്നാം ഭാഗവും ഒരുക്കാനുണ്ട്. അതിന് ശേഷമാകും താന്‍ വിരമിക്കുകയെന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്.