
ഐഎഫ്എഫ്‌കെ പോലെ ഒരു അന്താരാഷ്ട്ര സംഗീതോത്സവവും കേരളത്തിൽ കൊണ്ടു വരണമെന്ന് അഭിപ്രായം പങ്കുവെച്ച് ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ ഏറ്റവും വേഗം നികത്തപ്പെടേണ്ട വിടവുകളിലൊന്നാണ് ഈ മ്യൂസിക് ഫെസ്റ്റിവലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“മികച്ച ഒരു മ്യൂസിക് ഫെസ്റ്റിവൽ പോലെ പരസ്പരം സ്‌നേഹം പങ്കുവെയ്ക്കാൻ പറ്റുന്ന മറ്റൊരിടം ഭൂലോകത്തുണ്ടാവില്ലെന്ന് വ്യക്തിപരമായി വിശ്വസിക്കാൻ അനുവദിക്കുന്നതിനു നന്ദി! അതിവേഗം വളർന്നു വരുന്ന ഒരു നാട് എന്ന നിലക്ക് നമ്മൾ ജീവിക്കുന്ന ഈ ചെറിയ കേരളത്തിൽ സാംസ്‌കാരികമായ പല ഘടകങ്ങളുടെയും വിടവുകൾ ഇനിയും ഉണ്ടെങ്കിലും അതിൽ വേഗം നികത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ചൂണ്ടിക്കാണിക്കാൻ പറഞ്ഞാൽ iffk പോലെയുള്ള ഒരു സർക്കാർ തല അന്താരാഷ്ട്ര മ്യൂസിക് ഫെസ്റ്റിവലിന്റെ കുറവ് എന്നാണുത്തരം. സമാരംഭിച്ചു വെറും മൂന്ന് ലക്കങ്ങൾ കൊണ്ട് തന്നെ ഉദ്ദേശിച്ചതിനേക്കാൾ ഇഴയടുപ്പവും പരസ്പര സ്‌നേഹവുമുള്ള ഒരു നല്ല കമ്യൂണിറ്റിയെ ഉറപ്പായും അതിലൂടെ കേരളത്തിനു കിട്ടും! മനോഹരമായി ഉപയോഗിക്കാമെങ്കിൽ ഫെഡറൽ സ്റ്റേറ്റ് എന്ന ആശയത്തിനു അനുബന്ധമായി നിലവിലുള്ള മറ്റു എന്തിനേക്കാളും മികവും തിളക്കവുമാർന്ന ഒരു കിടിലൻ സപ്പോർട്ടിങ് സിസ്റ്റം അതുണ്ടാക്കിത്തരും.!” ഷഹബാസ് അമൻ കുറിച്ചു.
“പേഴ്‌സണൽ ആയ എന്തും സാമൂഹ്യമായി പകർന്നു നൽകുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മ്യൂസിക്കിനും ബാധകമാണ്. മതാചാരങ്ങളും വിവിധ വിശ്വാസസംഹിതകളുമൊക്കെ അങ്ങാടിയിലേക്കെത്തുമ്പോൾ ഉണ്ടാക്കുന്ന അലോസരങ്ങൾ മ്യൂസിക് ഫെസ്റ്റിവലുകൾക്കും ബാധകം. വെറുപ്പിനെ മുൻകൂട്ടി മറികടക്കാനും നിലവിൽ വെറുപ്പ് ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന വി(ഷൻ)ഷം നിർവീര്യമാക്കാനും സംഗീതത്തോളം പ്രാപ്തിയുള്ള മറ്റൊരു ഔഷധം തേടി ‘ബുദ്ധിയുള്ള മലയാളി’ വേറെ എങ്ങും അലയരുതേ…കഴിയുമെങ്കിൽ 2026 ന്റെ ഒടുക്കം തന്നെ, കേരളസർക്കാർ (മനുഷ്യ വിരുദ്ധ, മുതലാളിത്ത മത-സംഹിതാ-ആശയ-ആദർശ ധാർഷ്ട്യ ശക്തികൾ അല്ലാത്ത ആരായാലും ) IMFK ക്ക് തുടക്കം കുറിച്ചിരിക്കണം.” ഷഹബാസ് കൂട്ടിച്ചേർത്തു.