വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയ സിനിമയിലെ സഹനടി ഞാനല്ല: വെളിപ്പെടുത്തലുകളുമായി ശ്രുതി രജനികാന്ത്

','

' ); } ?>

നടി വിന്‍സി അലോഷ്യസ് നടത്തിയ ഗൗരവമായ വെളിപ്പെടുത്തലിന് പിന്തുണയുമായി നടി ശ്രുതി രജനികാന്ത് രംഗത്തെത്തി. ‘സൂത്രവാക്യം’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയതിനെക്കുറിച്ച് വിന്‍ സി ആരോപണമുന്നയിച്ചപ്പോള്‍, അതിലെ സഹനടിയായിരുന്നത് താനല്ലെന്നും വ്യക്തമാക്കിയാണ് ശ്രുതി പ്രതികരിച്ചത്.

“വിന്‍സി പറയുന്നതിന് മുന്‍പ് അത് ഷൈന്‍ ടോം ചാക്കോയാണെന്ന് എനിക്കും അറിയില്ലായിരുന്നു. ആ സിനിമയില്‍ സഹനടിയായിരുന്നില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് പലരും ചോദിക്കുകയുണ്ടായി,” ശ്രുതി വ്യക്തമാക്കി.

വിന്‍സിയുടെ ഈ പ്രതികരണം തികച്ചും ഗൗരവമുള്ളതാണെന്നും, ഇത്തരത്തിലുള്ള അനുഭവങ്ങള്‍ സിനിമാ മേഖലയിലുണ്ടാകാറുണ്ടെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു. “വിന്‍സിയെ പിന്തുണച്ചതിന്റെ കാരണം ഇത് ഒറ്റപ്പെട്ട സംഭവമല്ലാത്തത് കൊണ്ടാണ്. സുഹൃത്തുക്കള്‍ക്കുണ്ടായ അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്. പ്രതികരണ ശേഷിയില്ലാതെ നില്‍ക്കരുത് എന്നാണ് അഭിപ്രായം. ആരായാലും ഇങ്ങനെ സംഭവിച്ചാല്‍ പിന്തുണ നല്‍കും,” ശ്രുതി പറഞ്ഞു.

ഷൈന്‍ ടോം ചാക്കോയെക്കുറിച്ച് വ്യക്തിപരമായി അഭിപ്രായമൊന്നും ഇല്ലെന്നും, നിയമപരമായ കാര്യങ്ങള്‍ പൊലീസ് നോക്കട്ടെയെന്നും ശ്രുതി അഭിപ്രായപ്പെട്ടു. “ഇത് വിന്‍സിയുടെ സിനിമാ ഭാവിയെ ബാധിക്കാതിരിക്കട്ടെ. പ്രധാനമായും, പ്രശ്നം മറക്കാതെ അതെങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതാണ് നോക്കേണ്ടത്,” ശ്രുതി കൂട്ടിച്ചേര്‍ത്തു.