
‘വിനായകന്റെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ’? എന്ന് പരിഹസിച്ച് നടനും താരസംഘടന ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജോയ് മാത്യു. വി.എസ്. അച്യുതാനന്ദന്റെ മരണത്തിനുപിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച അധിക്ഷേപ പോസ്റ്റുകള്‍ ആധുനിക കവിതയാണെന്ന നടന്‍ വിനായകന്റെ വിശദീകരണത്തെയാണ് ജോയ് മാത്യു. പരിഹസിച്ചിരിക്കുന്നത്. അസഭ്യവാക്കുകളിലൂടെ രാഷ്ട്രീയനേതാക്കളെ ഉള്‍പ്പെടെ അധിക്ഷേപിച്ച പോസ്റ്റ് ആധുനിക കവിതയാണെന്നായിരുന്നു പോലീസ് ചോദ്യംചെയ്യലില്‍ വിനായകന്റെ വിശദീകരണം. തന്റെ ഫേസ്ബുക് പേജിലൂടെയാണ് താരത്തിന്റെ പരിഹാസം.
‘വിനായകന്റെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ?. കവിത കണ്ടെത്തിയ ഇന്‍സ്പക്ടറദ്ദേഹത്തിന്റെ കാവ്യഭാവനയെ തിരിച്ചറിഞ്ഞ് മേപ്പടിയാനെ പാഠപുസ്തക കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ?’- ജോയ് മാത്യു കുറിച്ചു.
വിനായകന്റെ ഫോണും അന്വേഷണ സംഘം പരിശോധിച്ചു. യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ മാധ്യമപ്രവര്‍ത്തകയെയും അസഭ്യവാക്കുകള്‍ നിറഞ്ഞ പോസ്റ്റിലൂടെ നടന്‍ അധിക്ഷേപിച്ചിരുന്നു. ഗായകന്‍ യേശുദാസിനെതിരെയും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെയും അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് വ്യാപകമായി വിമര്‍ശനങ്ങളാണ് സിനിമയ്ക്ക് അകത്തും പുറത്തും നിന്നുയര്‍ന്നത്.
ഈ പരാമര്‍ശങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി മലയാള പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ രംഗത്ത് വന്നിരുന്നു. യേശുദാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് വിനായകന്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അസഭ്യവര്‍ഷം മലയാളി സമൂഹത്തിന് അപമാനകരവും തികച്ചും അപലപനീയവുമാണെന്ന് ഔദ്യോഗിക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സംഘടന പ്രതികരിച്ചു. ‘വിനാശകന്‍’ എന്നാണ് നടനെ ‘സമം’ സംഘടന കുറിപ്പില്‍ വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകയെ അതിക്ഷേപിച്ചും വിനായകന്‍ പോസ്റ്റ് പങ്കുവെച്ചത്.
മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ പരിപാടിയില്‍ വിനായകന്‍ പങ്കെടുത്തിരുന്നു. പിന്നാലെ, ഉമ്മന്‍ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് വിനായകന്‍ നടത്തിയ അധിക്ഷേപപരാമര്‍ശം ചൂണ്ടിക്കാട്ടി സൈബറിടത്തിൽ വിമർശനങ്ങളുയർന്നു. ഇതിനോട് പ്രതികരിച്ച വിനായകന്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ജോര്‍ജ് ഈഡന്‍ എന്നിവരെ പേരെടുത്തുപറഞ്ഞ് അധിക്ഷേപിക്കുന്ന പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടനെതിരേ പരാതി നല്‍കി. തുടര്‍ന്ന് വിനായകനോട് ചോദ്യംചെയ്യലിന് ഹാജരാവാന്‍ സൈബര്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. മൊഴി നല്‍കാനെത്തിയപ്പോഴായിരുന്നു വിനായകന്‍ തന്റെ പോസ്റ്റ് ആധുനിക കവിതയാണെന്ന വിശദീകരണം നല്‍കിയത്.