
നടൻ ഷൈൻ ടോം ചാക്കോയെ ജാമ്യത്തിൽ വിട്ടേക്കും. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടനെ കുറച്ചു മണിക്കൂറുകൾക്ക് മുൻപാണ് അറസ്റ്റ് ചെയ്തത്. ഡി.പി.എസ്. ആക്ടിന്റെ സെക്ഷന്‍ 27, 29 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. സിറ്റി പോലീസ് ഡാന്‍സാഫ് (DANSAF) സംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നൽകിയതായി പോലീസ് അറിയിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഷൈനിന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും, ഫോൺ വിളി വിശദാംശങ്ങളും പോലീസ് പരിശോധിച്ചു. ലഹരി ഇടപാടുകാരനെ ഫോൺ വിളിച്ചതിന്റെ കാരണം വിശദീകരിക്കാൻ ഷൈന്‍ തയ്യാറായില്ലായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.
നടനെ എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് രക്തം, മുടി, നഖം തുടങ്ങിയ സാമ്പിളുകള്‍ ശേഖരിച്ചാണ് ലഹരി ഉപയോഗം സ്ഥിരീകരിക്കാനുള്ള വൈദ്യപരിശോധന നടത്തിയിരുന്നത്. പരിശോധനയിൽ നാല് ദിവസത്തേക്ക് ലഹരി ഉപയോഗം സാന്നിധ്യം കണ്ടെത്താൻ കഴിയും എന്നാണ് പോലീസ് വിശദീകരണം. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷമാണ് ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനം.