
‘നിമിഷങ്ങള്‍ക്കിടയിലെ നിമിഷങ്ങള്‍’ എന്ന ക്യാപ്ഷനോടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഫോട്ടോഗ്രാഫര്‍ ഷാനി ഷാക്കി. ഫോട്ടോഷൂട്ടിനിടെയുള്ള ചിത്രങ്ങളാണിതെന്നാണ് സൂചന. ഓഫ് വൈറ്റ് കോസ്റ്റ്യൂമിലുള്ള മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തു. ചിത്രം വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായിട്ടുണ്ട്
ബോസ്, കിങ് എന്നീ ഹാഷ്ടാഗുകളും ഷാനി ഷാക്കി ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന് താഴെ കമന്റുമായി സെലിബ്രിറ്റികളടക്കം ഒട്ടേറെ ആരാധകരെത്തി. കമിങ് ബാക്ക്, നീ വാ തലേ, ഇക്ക ഈസ് ബാക്ക്, ദി കിങ് ഈസ് ബാക്ക്, 73 ആണോ അതോ 37 ആണോ, ആ ‘നിമിഷങ്ങള്‍ക്കായി’ കാത്തിരിക്കുന്നു, മെഗാസ്റ്റാര്‍ ഈസ് ബാക്ക്, എടാ മോനേ ഏതാ ലുക്ക് എന്നീ കമന്റുകളാണ് ഏറേയും. അതേസമയം, ചിത്രങ്ങള്‍ ഏറ്റവും പുതിയത് തന്നെയാണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.
മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം, നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. മഹേഷ് നാരായണന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്.
അടുത്തകാലത്തെ അദ്ദേഹത്തിന്റെ കഥാപാത്ര വൈവിധ്യങ്ങളുടെ തുടർച്ചയാകും എന്ന് പ്രേക്ഷകർ കരുതുന്ന സിനിമയാണ് ജിതിൻ ജെ ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവൽ’. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന പോസ്റ്ററുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വിനായകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്.